chocken

കോട്ടയം. കോഴിയിറച്ചി ഉദ്പാദനത്തിൽ വിപ്ലവം സൃഷ്ടിച്ച് കുടുംബശ്രീയുടെ കേരള ചിക്കൻ. ബ്രാേയിലർ കോഴി വ്യാപാര രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുകയെന്ന എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ ആരംഭിച്ച പദ്ധതിയാണിത്. സംസ്ഥാനത്തേയ്ക്ക് ഇറച്ചിക്കോഴികളെ കൂടുതലായി എത്തിക്കുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. തമിഴ്‌നാട് ലോബി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കോഴികളെയാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന് തടയിടുകയും ഗുണമേന്മയുള്ള ഇറച്ചിക്കോഴികളെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കളിൽ എത്തിക്കുകയുമാണ് കുടുംബശ്രീയുടെ ലക്ഷ്യം.

പൊതുവിപണിയേക്കാൾ 10 ശതമാനം വിലക്കുറവിലാണ് കോഴിയിറച്ചി ലഭ്യമാക്കുന്നത്. കുടുംബശ്രീ ബ്രാേയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലുള്ള ബ്രീഡർ ഫാമുകളിൽ മുട്ട വിരിയിച്ചാണ് വളർത്തുന്നതിനുള്ള കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നത്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെയാണ് ഫാമുകൾക്ക് നൽകുന്നത്. എറണാകുളം കോഴിത്തീറ്റ സംഭരണകേന്ദ്രത്തിൽ നിന്നാണ് എല്ലാ ഫാമുകളിലേക്കും തീറ്റ എത്തിക്കുക. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണമാണ് കോഴിഫാമുകൾ പരിപാലിക്കുന്നത്.

ഫാമുകൾ തുടങ്ങണമെങ്കിൽ 3000 മുതൽ 5000 വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്താനുള്ള സാഹചര്യം, സ്ഥലം, മറ്റ് സംവിധാനങ്ങൾ എന്നിവ സംരംഭകർ തന്നെ ക്രമീകരിക്കണം. ഇതിനായി ലോണും അനുവദിക്കും.

ജില്ലയിലെ ഔട്ട് ലൈറ്റുകൾ: 21.

ജില്ലയിലെ ആകെ ഫാമുകൾ: 49.

വാർഷികബിസിനസ് : 9 കോടി.

കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ അഭിലാഷ് ദിവാകർ പറയുന്നു.

ചെറിയ രീതിയിൽ തുടങ്ങിയ ഒൗട്ട് ലെറ്റുകൾ വിപുലമാക്കുകയും ഹൈടെക് രീതിയിലേക്ക് മാറ്റുകയും ചെയ്യും. ജില്ലയിൽ ഉടനീളം ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നതിന് നിലവിൽ ഫണ്ട് അപര്യാപ്തമാണ്. കൂടുതൽ ഔട്ട്‌ലെറ്റുകളും ഫാമുകളും അനുവദിക്കണമെന്ന് സ്റ്റേറ്റ് മിഷൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.