പാലാ: രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒന്നാംതരം അഭിനയം കാഴ്ചവച്ച് യു.ഡി.എഫിനെ വഞ്ചിച്ച ഷൈനി സന്തോഷിന് ഓസ്‌കാർ അവാർഡ് കിട്ടേണ്ടതാണെന്ന് മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കന്റെ പരിഹാസം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടടുത്ത നിമിഷം വരെ യു.ഡി.എഫിനൊപ്പം നിന്നിട്ട് മറുകണ്ടം ചാടിയ ഷൈനിയുടെ നെറികെട്ട രാഷ്ട്രീയം രാമപുരത്തെ ജനങ്ങൾക്കാകെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
രാമപുരം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒപ്പം ചേർന്ന ഷൈനി സന്തോഷിന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസഫ് വാഴയ്ക്കൻ. മോളി പീറ്ററിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് കല്ലാടൻ, സജി മഞ്ഞക്കടമ്പിൽ, ബിജു പുന്നത്താനം, രാമപുരം സി.റ്റി. രാജൻ, ജോർജ്ജ് പുളിങ്കാട്, വി.എ. ജോസ് ഉഴുന്നാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.