വൈക്കം: വൈക്കം സമൂഹത്തിൽ ഇന്ന് ആവണി ആവിട്ടം ആഘോഷിക്കും. രാവിലെ ഒൻപതിന് വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കേ കുളത്തിൽ തർപണത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ വൈക്കം സമൂഹത്തിൽ നടക്കുന്ന വിശേഷാൽ ഹോമത്തോടെ സമാപിക്കും. ചടങ്ങുകൾക്കൊപ്പം ഉപകർമവും (പൂണൂൽ മാറ്റം) നടക്കും. ക്ഷേത്രത്തിൽ വേദജപവും ഉണ്ടാകും. നാളെ ബ്രാഹ്മണ ഗൃഹങ്ങളിൽ ഗായത്രി ജപം നടക്കും. പാലക്കാട് മഹേഷ് വാധ്യാരുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് സമൂഹം ഭാരവാഹികളായ പി ബാലചന്ദ്രൻ, കെ.സി കൃഷ്ണമൂർത്തി, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. പൗർണമിയും അവിട്ടവും ഒന്നിച്ചുവരുന്ന ദിവസമാണ് ആവണി അവിട്ടം ആഘോഷിക്കുന്നത്. ഈ ദിവസം പൂണൂൽ മാറ്റുന്നതോടെ ബ്രാഹ്മണർ ഒരു വർഷം മുഴുവൻ ചെയ്ത പാപങ്ങളിൽ നിന്ന് രക്ഷനേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കൽപം.