കോട്ടയം: ഓക്‌സിജനുമായി എത്തിയ ടാങ്കർലോറി റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ടാങ്കർ ഡ്രൈവർ തമിഴ്‌നാട് സ്വദേശി രാജ്കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5.47 ഓടെ എം.സി റോഡിൽ കോടിമത ജില്ലാ വെറ്റിനററി ആശുപത്രിക്ക് സമീപമായിരുന്നു അപകടം. തമിഴ്‌നാട് കഞ്ചിക്കോട് നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ടാങ്കർ ലോറി. കോടിമത പാലം കയറി മുന്നോട്ട് വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ടാങ്കർ, ലോറി റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജില്ലാ വെറ്റിനററി ആശുപത്രിയുടെ പിൻവശത്തെ മതിലും വൈദ്യുതി പോസ്റ്റും ഇടിച്ചു തകർത്തശേഷമാണ് ലോറി സമീപത്തെ മരത്തിൽ തട്ടി നിന്നത്. അപകടസമയം തട്ടുകടയിലുണ്ടായിരുന്ന നാല് പേർ ലോറി വരുന്നത് കണ്ട് ഓടിമാറുകയായിരുന്നു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെനേരം ഗതാഗത തടസപ്പെട്ടു. വെസ്റ്റ് പൊലീസ്, കോട്ടയം അഗ്നിശമനസേന അംഗങ്ങൾ തുടങ്ങിയവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. പൊലീസെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.