കോട്ടയം : ഹോമിയോപ്പതി രംഗത്ത് ഇന്ത്യയിലെ തന്നെ ഒരേയൊരു മാനസികാരോഗ്യ ഗവേഷണ കേന്ദ്രമായ സചിവോത്തമപുരം കേന്ദ്ര ഹോമിയോ ഗവേഷണ കേന്ദ്രത്തിന് മുന്നിൽ കുറിച്ചി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ അജൈവ വസ്തുക്കൾ ശേഖരിച്ചുവയ്ക്കുന്ന എം.സി.എഫ് സ്ഥാപിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. എം.സി.എഫ് നിറഞ്ഞുകവിയുമ്പോൾ ഇതിനു പുറത്തേയ്ക്കാണ് മാലിന്യം നിക്ഷേപിക്കുന്നത്. അദ്വൈത വിദ്യാശ്രമം ഹയർസെക്കൻഡറി സ്‌കൂൾ, രാജാസ് ഇന്റർനാഷണൽ സ്‌കൂൾ, ഗവ.ഹോമിയോ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതും ഇതിന് സമീപത്തായാണ്. തിരക്കുള്ളതും വീതി കുറഞ്ഞതുമായ റോഡരികിലാണ് എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് സമീപത്തായാണ് ബസ് കാത്തിരിപ്പുകേന്ദ്രവും സ്ഥിതി ചെയ്യുന്നത്. ഇതുമൂലം കുഴിമറ്റം ഭാഗത്തും നിന്ന് വരുന്ന വലിയ വാഹനങ്ങൾക്ക് ഇടത്തേക്ക് തിരിയാൻ ബുദ്ധിമുട്ടാണ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്നടക്കമുളളവരാണ് ഹോമിയോ ഗവേഷണകേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. ജനവാസം കുറഞ്ഞ മറ്റേതെങ്കിലും സ്ഥലത്തേക്ക് എം.സി.എഫ് മാറ്റിസ്ഥാപിക്കണമെന്ന് വികസനസമിതി അംഗങ്ങളായ ഡോ. റൂബിൾരാജ്, പ്രസന്നൻ ഇത്തിത്താനം, സ്‌കറിയാ ആന്റണി വലിയപറമ്പിൽ, അമൽ ഐസൺ, ജോസ് തെക്കേക്കര എന്നിവർ ആവശ്യപ്പെട്ടു.