
പാലാ: ഈ 'ഇന്ത്യ' സ്വതന്ത്രയായിട്ട് മുപ്പതു ദിവസമേ ആയുള്ളൂ. സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായ പാലാ കടപ്പാട്ടൂർ വലിയമറ്റത്തില്‍ രഞ്ജിത്തിനും ഭാര്യ സനയ്ക്കുമുണ്ടായ ആദ്യത്തെ കണ്‍മണിയാണ് 'ഇന്ത്യ'. ഒരു മാസം മുമ്പ് പാലാ ജനറല്‍ ആശുപത്രിയില്‍ പിറന്ന പെണ്‍കുഞ്ഞിന് ഇന്ത്യ എന്ന് പേരിടാന്‍ ഇവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
''എനിക്ക് പട്ടാളക്കാരനാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഒന്‍പതാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നതിനാൽ അതിനു കഴിഞ്ഞില്ല. എനിക്ക് പട്ടാളക്കാരനാകാന്‍ കഴിഞ്ഞില്ലെങ്കിലും എന്റെ കുഞ്ഞിന് ഇന്ത്യ എന്ന് പേരിടണമെന്ന് അന്നേ തീരുമാനിച്ചിരുന്നു'' വലിയമറ്റത്തിലെ വാടകവീട്ടിലിരുന്ന് രഞ്ജിത് ഇത് പറയുമ്പോള്‍ കൊച്ച് ഇന്ത്യ അച്ഛനെ നോക്കി മോണകാട്ടി ചിരിച്ചു. ഇനി പിറക്കുന്ന കുട്ടിക്കും രഞ്ജിത്ത് പേരു കണ്ടുവച്ചിട്ടുണ്ട്. 'ഭാരത്' .
ആശുപത്രിയില്‍ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ പൂരിപ്പിച്ച് നല്‍കിയപ്പോള്‍ കുഞ്ഞിന്റെ പേരിന്റെ സ്ഥാനത്ത് 'ഇന്ത്യ' എന്നെഴുതി. ദേശീയത എഴുതേണ്ട കോളം മാറിപ്പോയോ എന്ന് നഴ്‌സിന് സംശയം. വളരെ കഷ്ടപ്പെട്ടാണ് നഴ്സിനെ ബോദ്ധ്യപ്പെടുത്തിയത്.
ഹൈന്ദവമതത്തിൽപെട്ട രഞ്ജിത്തിനും ക്രൈസ്തവമതത്തില്‍പ്പെട്ട സനയ്ക്കും തങ്ങളുടെ മകൾക്ക് മതസൂചനകളില്ലാത്ത ഒരു പേരു വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഒരു മതത്തിലും ചേർക്കാതെ മകളെ വളർത്താനാണ് തീരുമാനം. മതം മാറിയുള്ള വിവാഹത്തോടെ രഞ്ജിത്തിന്റെയും സനയുടേയും വീട്ടുകാര്‍ അകന്നെങ്കിലും 'ഇന്ത്യ' പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന പ്രതീക്ഷയും ഇവർ പങ്കുവയ്ക്കുന്നു.
കടപ്പാട്ടൂര്‍ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസും പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊളളാനിയും 'ഇന്ത്യ'യെ കാണാൻ പുത്തനുടുപ്പുമായി എത്തിയിരുന്നു.