പാലാ: വാട്ടർ അതോറിറ്റിയിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുക്കുന്ന ഓട സ്വകാര്യ വ്യക്തി കൈയേറിയതായുള്ള ആരോപണത്തിൽ എത്രയുംവേഗം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.
ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയാണ് ഉന്നയിച്ചത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം ചെയർമാന് കത്തും നൽകിയിരുന്നു. വാട്ടർ അതോറിറ്റിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുക്കുന്ന ഓട കല്ലും മണ്ണും കാട്ടുപള്ളകളും വളർന്ന് ശോച്യാവസ്ഥയിലായ കാര്യവും ഓടയുടെ കിഴതടിയൂർ ബാങ്കിനോട് ചേർന്ന ഭാഗം സ്വകാര്യ വ്യക്തി ഗേറ്റ് സ്ഥാപിച്ച് അടച്ച സംഭവവും കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.