ചങ്ങനാശേരി : ചങ്ങനാശേരി നഗരസഭയുടെ ഖരമാലിന്യ നിർമ്മാർജ്ജന പദ്ധതിയ്ക്ക് അഗീകാരം ലഭിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ മന്ത്രി എം.വിഗോവിന്ദന് സമർപ്പിച്ച റിപ്പോർട്ട് കേരള ഖരമാലിന്യ മാനേജ്‌മെന്റ് ഏജൻസിക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ട് പ്രോജക്ട് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ഡെപ്യൂട്ടി ഡയറക്ടർ യു.വി ജോസ് തുടങ്ങിയവരുമായി എം.എൽ.എ ചർച്ച നടത്തി. ആറുമാസത്തിനുള്ളിൽ ചങ്ങനാശേരി നഗരസഭക്കായി ഏജൻസി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഭരണാനുമതിക്കായി സർക്കാരിന് സമർപ്പിക്കാൻ തീരുമാനമായി. വേൾഡ് ബാങ്കിന്റെ ധന സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭക്ക് ഉചിതമായതും വികേന്ദ്രീകൃതവും കേന്ദ്രീകൃതവുമായ ഖരമാലിന്യ സംസ്‌കരണത്തിനു ഊന്നൽ നൽകി ഭാവിയിൽ വരുമാനം ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി നിർദേശം. ഖരമാലിന്യങൾ വേർതിരിച്ചു സംസ്‌കരിക്കുന്ന ആധുനിക യന്ത്ര സാമഗ്രികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിന്യ പുനരുപയോഗം, മാലിന്യ നിർമാർജനം, സുരക്ഷിതമായ സംസ്‌കരണ രീതികൾ എന്നിവയും പ്രോത്സാഹിപ്പിക്കും.