shinoo
ഷിനോ നൈനാൻ

കോട്ടയം: തൃക്കോതമംഗലം സെന്റ് മേരീസ് ബത് ലഹം പള്ളി വികാരി ഫാ.ജേക്കബ് നൈനാന്റെ വീട്ടിൽ നിന്ന് 50 പവനും ഒരു ലക്ഷത്തിലേറെ രൂപയും മോഷ്ടിച്ചത് അദ്ദേഹത്തിന്റെ മകൻ തന്നെയാണെന്ന് തെളിഞ്ഞതോടെ പാമ്പാടി പൊലീസ് അറസ്റ്റു ചെയ്തു. കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാൽ ഷിനോ നൈനാൻ (36) ആണ് അറസ്റ്റിലായത്. വീടുമായി അടുപ്പമുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് മകനിലെത്തിയത്. റമ്മി കളിച്ചും സ്ഥിരമായി ലോട്ടറിയെടുത്തും ഉണ്ടായ കടം വീട്ടാനായിരുന്നു മോഷണം.

ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. ഇതിൽ കുറച്ചു സ്വർണം പുരയിടത്തിൽ വീണ നിലയിൽ കണ്ടെത്തിയിരുന്നു. പിതാവിന്റെ മുറിയിലെ അലമാരയിലെ പണവും സ്വർണവും മോഷ്ടിച്ചശേഷം പിടിക്കപ്പെടാതിരിക്കാൻ

മുളകുപൊടി വിതറി. പണം തൊട്ടടുത്തുള്ള ബന്ധുവിന്റെ കടയിൽ ഒളിപ്പിച്ചു. സ്വർണാഭരണങ്ങൾ കടയുടെ പിന്നിൽ കുഴിച്ചിട്ടു. വീട്ടിൽ നിന്ന് മറ്റാരുടെയും വിരലടയാളങ്ങൾ ലഭിക്കാതിരുന്നതുൾപ്പെടെയുള്ള സംശയമാണ് ഷിനോയിലേക്ക് പൊലീസ് തിരിഞ്ഞത്. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അടുക്കള വാതിൽ തുറന്നതും സംശയത്തിനിടയാക്കി. കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി മൊഴി നൽകിയതിനു പിന്നാലെ ഇയാൾ നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.

മൂന്നുമാസമായി മോഷണം

ഷിനോ മൂന്നു മാസമായി വീട്ടിൽ നിന്ന് പലതവണ സ്വർണം മോഷ്ടിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. 12 വളകൾ മോഷ്ടിച്ച് വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്തു. അയർലൻഡിലുള്ള സഹോദരന്റെ ഭാര്യയുടെ സ്വർണവും കൂട്ടത്തിലുണ്ട്. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കി സൂക്ഷിച്ചിരുന്നു. ഇതുവരെ ഇയാൾ നടത്തിയിരുന്ന മോഷണം ഇപ്പോഴാണ് കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപെടുന്നത്.