
കോട്ടയം: ഓണ കച്ചവടം ലക്ഷ്യമിട്ട് വിപണി പിടിക്കാൻ വ്യാജ വെളിച്ചെണ്ണ വീണ്ടുമെത്തി. പാമോയിൽ ഒരു ലിറ്റർ പാക്കറ്റിന് 140 രൂപയായി കുറയുകയും മില്ലിൽ ആട്ടുന്ന വെളിച്ചെണ്ണവില 200 രൂപയിൽ എത്തുകയും ചെയ്തതോടെയാണ് നിരവധി പേരുകളിലുള്ള വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ വിപണിയിൽ നിറയുന്നത്. ഏറെയും തമിഴ്നാട്ടിൽ നിന്നുള്ളവയാണ്. കഴിഞ്ഞ വർഷം ഇവയിൽ പലതും നിരോധിച്ചിരുന്നു. ഇപ്പോൾ പുതിയ പേരുകളിലാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്. വ്യാജ വെളിച്ചെണ്ണയിൽ ശരീരത്തിന് ഹാനികരമാകുന്ന ഘടകങ്ങൾ ഉണ്ടെന്ന വ്യാപക പരാതി ഉയർന്നിരുന്നു.
അംഗീകൃത ബ്രാൻഡായ കേരഫെഡിന്റെ 'കേര' യോട് സാമ്യമുള്ള 40ലേറെ ബ്രാൻഡുകളാണ് കഴിഞ്ഞ വർഷം നിരോധിച്ചത്. ഇവയെല്ലാം പേരുമാറ്റി തിരിച്ചെത്തിത്തുടങ്ങി. ഓണം അടുത്തതോടെ വ്യാജ ബ്രാൻഡുകൾ വൻതോതിൽ കൂടിയെന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
വ്യാജവെളിച്ചെണ്ണയിൽ 80 ശതമാനവും ആരോഗ്യത്തിനു ഹാനികരമാകുന്ന പദാർത്ഥങ്ങൾ ചേർത്തവയാണ്. കാൻസറിനു സാദ്ധ്യതയുള്ള പാരഫൈൻ എന്ന രാസവസ്തു ചേർത്താണ് വ്യാജ വെളിച്ചെണ്ണ മുഖ്യമായും നിർമ്മിക്കുന്നത്.
പരിശോധനകൾ ശക്തമാക്കിയതിനു പിന്നാലെ നിരവധിപേർ ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ എന്ന ബോർഡുവെച്ച് രംഗത്തെത്തി. ഇതിലും വ്യാജൻ വിലസുകയാണെങ്കിലും കാര്യമായ പരിശോധനയില്ല. പല ബ്രാൻഡ് വെളിച്ചെണ്ണയ്ക്കും ഒരേ അളവിന് തോന്നിയ വിലയാണ് ഈടാക്കുന്നത് ഏറ്റവും കുറഞ്ഞ വിലയുള്ളവയാണ് മിക്ക ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കുന്നത് .
ഫലം പുറത്തുവിടാതെ കള്ളക്കളി.
'കേര' ബ്രാൻഡ് സംബന്ധിച്ച പരാതികൾ ഉയർന്നതിനു പിന്നാലെ കഴിഞ്ഞമാസം സംസ്ഥാനത്തൊട്ടാകെ പരിശോധന നടന്നു. ഫലം പുറത്തുവിടാത്തതിൽ കള്ളക്കളിയുണ്ടോയെന്ന് സംശയിക്കുമ്പോൾ ഫലം ലഭ്യമാകാൻ രണ്ടാഴ്ച കൂടി കഴിയുമെന്നാണ്, അതായത് ഓണം കഴിയുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്.
നടപടി വെറും പ്രഹസനം.
എല്ലാ മാസവും വിപണിയിലിറങ്ങി കൃത്യമായ പരിശോധനയുണ്ട്.
അഞ്ച് സാമ്പിളുകളാണ് ഒരു സമയം പരിശോധനയ്ക്ക് എടുക്കുക.
കാക്കനാട്ടുള്ള ലാബിൽ തിരക്കായതിനാലാണ് ഫലം വൈകുന്നത് .
ഹാനികരമായ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ കേസെടുക്കും.
നിലവാരം കുറഞ്ഞ എണ്ണയാണെങ്കിൽ പിഴ മാത്രമാകും ശിക്ഷ.
ഭക്ഷ്യസുരക്ഷാ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് കമ്മിഷണർ എം.മോനി പറയുന്നു.
പരിശോധനകൾ കർശനമായി നടക്കുന്നുണ്ട്. വ്യാജമെന്നു തെളിഞ്ഞാൽ നിരോധനമടക്കം കർശന നടപടികൾ ഉണ്ടാകും.