പാലാ : ടി.ബി റോഡിലെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കാൽനടയാത്രക്കാർക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പാലാ നഗരഹൃദയത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയിലാണ് തോന്നുംപടി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. മണിക്കൂറുകളോളം വാഹനങ്ങൾ നിറുത്തിയിട്ട് പോകുമ്പോൾ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ടി.ബി റോഡിൽ വാഹനങ്ങളുടെ പാർക്കിംഗ് പാടില്ലെന്ന കർശന വ്യവസ്ഥയുള്ളതാണ്. പക്ഷേ ആരും പാലിക്കില്ല. മെയിൻ റോഡിൽ നിന്ന് ടി.ബി റോഡിന്റെ കവാടം മുതൽ ടി.ബി ജംഗ്ഷൻ വരെയുള്ള 250 മീറ്റർ ദൂരം ഇരുസൈഡിലും വാഹനങ്ങൾ യഥേഷ്ടം പാർക്ക് ചെയ്യുകയാണ്. സിവിൽ സ്റ്റേഷനിലേക്കും ടൗൺ ബസ് സ്റ്റാൻഡിലേക്കുമുള്ള യാത്രക്കാരും മറ്റുദ്യോഗസ്ഥരും ഇവിടെയുള്ള വിവിധ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുമുൾപ്പെടെ നിരവധി കാൽനടയാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്.
ജീവൻ പണയം വച്ച് യാത്ര
വാഹനങ്ങൾ കൂട്ടത്തോടെ പാർക്ക് ചെയ്യുകയും ഇതിനിടയിലൂടെ മറ്റുവാഹനങ്ങൾ കടന്നുവരികയും ചെയ്യുന്നതോടെ കാൽനടയാത്രക്കാർക്ക് ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണ്. പലപ്പോഴും വാഹനങ്ങൾക്കിടയിലൂടെ നൂഴ്ന്നും ഏന്തിവലിഞ്ഞും മറ്റുമാണ് കാൽനട യാത്രക്കാർ കടന്നുപോകുന്നത്. ഇത് അപകടങ്ങൾക്കും ഇടയാക്കുന്നു. ട്രാഫിക് പൊലീസും നിസ്സഹായരാണ്.
റോഡിന്റെ കാര്യവും ദയനീയം
അനധികൃത വാഹനപാർക്കിംഗ് പോലെ തന്നെ റോഡിന്റെ അവസ്ഥയും ദയനീയമാണ്. ആൽത്തറ ശ്രീരാജരാജ ഗണപതിക്ഷേത്രത്തിന് മുന്നിൽ നിറയെ കുഴികളാണ്. മഴക്കാലത്ത് ഈ കുഴികളിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെ ദേഹത്തും വസ്ത്രത്തിലും തെറിക്കുന്നു.