മുക്കൂട്ടുതറ: മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹയജ്ഞം 14ന് ആരംഭിക്കും. 21ന് അവഭ്യഥ സ്‌നാനഘോഷയാത്രയോട് കൂടി സമാപിക്കും. 14ന് ഉച്ചക്കഴിഞ്ഞ് 4.30ന് യജ്ഞാരംഭസഭ. ക്ഷേത്രയോഗം പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം സ്വാമി ഗുരുരത്‌ന ജ്ഞാന തപസ്വി ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും നടത്തും. റിട്ട.അദ്ധ്യാപിക ജാനകി കുട്ടപ്പൻ ആചാര്യവരണവും ഗോപിനാഥൻനായർ കയ്യാലേത്ത് ഭദ്രദീപപ്രകാശനവും നടത്തും. യജ്ഞാചാര്യൻ ആലപ്പുഴ മുരളീധരൻ 7ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തും. യജ്ഞ ഹോതാക്കൾ, ബിനു നാരായണൻ ശർമ്മയും പ്രദീപ് മലയാലപുഴയും. യജ്ഞ പൗരാണികർ, ഏഴംകുളം ജയകുമാറും തൊടിയൂർ വിനോദുമായിരിക്കും. വെൺകുറിഞ്ഞി എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ നിന്ന് കേരള യോഗ ചാമ്പ്യൻഷിപ്പിലും ദേശീയ യോഗ ഒളിമ്പ്യാടിലും സ്വർണ്ണ മെഡൽ ജേതാവ് രേവതി രാജേഷിനെ അനുമോദിക്കും.
15 മുതൽ എല്ലാ ദിവസവും രാവിലെ 6 മുതൽ ഗണപതിഹോമം, അർച്ചനകൾ, വിഷ്ണുസഹസ്രനാമജപം തുടർന്ന് ഗ്രന്ഥപൂജയും ഭാഗവതപാരയണവും നടക്കും. ഒന്നിന് മഹാപ്രസാദമൂട്ട്. 5.30ന് ലളിതസഹസ്രനാമാർച്ചന, 7ന് ആചാര്യപ്രഭാഷണവും നടക്കും. സപ്താഹത്തിന്റെ മൂന്നാംദിനമായ 17ന് ഉണ്ണിഊട്ട്. 18ന് രാവിലെ 10ന് ക്ഷേത്രസന്നിധിയിൽ നെയ്‌വിളക്ക് അർച്ചന, 4.30ന് മയൂരനൃത്തം. 19ന് വൈകിട്ട് 6ന് സർവൈശ്വര്യപൂജ, 20ന് വൈകിട്ട് 6ന് സമൂഹവിദ്യാഗോപാലമന്ത്രാർച്ചന. സമാപനദിവസമായ 21ന് രാവിലെ 8.30ന് ക്ഷേത്രസന്നിധിയിൽ വിഷ്ണുസഹ്രസനാമാർച്ചന, 10ന് ഭാഗവതസംഗ്രഹം, 11.30ന് ക്ഷേത്രക്കുളത്തിലേക്ക് അവഭ്യഥ സ്‌നാന ഘോഷയാത്ര, വിഷ്ണുപൂജ. തുടർന്ന് യജ്ഞാചാര്യനും യജ്ഞഹോതാക്കൾക്കുമുള്ള വസ്ത്രസമർപ്പണം മുട്ടപ്പള്ളി കാറ്റാടിക്കൽ പി.ആർ ശാന്തമ്മ നിർവഹിക്കും. ക്ഷേത്രയോഗം ഭാരവാഹികളായ പ്രസിഡന്റ് സി.വി സുരേഷ് ബാബു, വൈസ് പ്രസിഡന്റുമാരായ വി.വി സാജു, എസ്.അജി, ജനറൽ സെക്രട്ടറി വി.എം രാജൻ, ജോയിന്റ് സെക്രട്ടറിമാരായ പി.ജി വിശ്വനാഥൻ, എൻ.കെ അനിൽകുമാർ, ട്രഷറാർ കെ.ജി സന്തോഷ് കടമ്പനാട്ട് തുടങ്ങിയവർ നേതൃത്വം നൽകും.