ഏറ്റുമാനൂർ. അതിരമ്പുഴ റോഡിൽ പഴയ അലങ്കാർ തിയേറ്ററിൽ പ്രവർത്തിക്കുന്ന കാർ സർവീസ് സെന്ററിൽ നാലു കാറുകൾക്ക് തീപിടിച്ചു. ഒരെണ്ണം പൂർണ്ണമായി കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. ഷാേർട്ട് സർക്യൂട്ടാവാം കാരണമെന്ന് കരുതുന്നു. നാൽപത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയത്തുനിന്നും കടുത്തുരുത്തിയിൽ നിന്നും അഗ്‌നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്. കോട്ടയം സ്റ്റേഷൻ ഓഫീസർ അനൂപ് പി. രവീന്ദ്രൻ, എ.എസ്.ടി.ഓ കെ.എസ് കുര്യാക്കോസ്, കടുത്തുരുത്തി സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി കെ.പി സന്തോഷിന്റെ നേതൃത്വത്തിൽ സമീപത്തെ വ്യാപാരികളും നാട്ടുകാരും സ്ഥാപനത്തിലെ ജീവനക്കാരും സമയാേചിതമായി ഇടപെട്ടത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
അതിരമ്പുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. തീപിടിത്തത്തേത്തുടർന്ന് വിച്ഛേദിക്കപ്പെട്ട വൈദ്യുതി വിതരണം മണിക്കൂറുകൾക്ക് ശേഷമാണ് പുനസ്ഥാപിച്ചത്.