usha

പാലാ. ''എനിക്കീ സ്റ്റേഡിയത്തെ മറക്കാനാവില്ല. ഇവിടെ നില്‍ക്കുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മുന്നില്‍ ഓടുകയാണ്''. നാലരപതിറ്റാണ്ടിന് ശേഷം പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ ട്രാക്കിനോട് ചേര്‍ന്ന വേദിയില്‍ നില്‍ക്കുമ്പോള്‍ ഒളിമ്പ്യന്‍ പി.ടി.ഉഷയുടെ ഓര്‍മ്മകള്‍ പിറകിലേക്ക് കുതിച്ചുപാഞ്ഞു.

''1977 ല്‍ പാലായിലെ ഈ സ്റ്റേഡിയത്തില്‍ ഞാന്‍ ഓടിയിട്ടുണ്ട്. അന്ന് എനിക്ക് കിട്ടിയത് വെള്ളി മെഡലായിരുന്നു. സ്വര്‍ണ്ണം കോട്ടയംകാരിയായ ശ്രീലതയ്ക്കായിരുന്നു. അന്നുതന്നെ അടുത്ത തവണ സ്വര്‍ണ്ണം നേടണമെന്ന് ഞാന്‍ ഉറപ്പിച്ചു. പിന്നീട് 1984 ല്‍ ഈ സ്റ്റേഡിയത്തില്‍ വച്ചുതന്നെ 200 മീറ്ററിലും 400 മീറ്ററിലും ഒന്നാം സ്ഥാനം നേടാന്‍ എനിക്ക് കഴിഞ്ഞു. അന്നൊക്കെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ആവേശമുണ്ടായിരുന്നു. ഇന്ന് ആവേശം കുറഞ്ഞു, പക്ഷേ അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ന്നു'' -ഉഷ പറഞ്ഞു.

''ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ മാണിസാറിനെ എനിക്ക് ഓര്‍മ്മ വരികയാണ്. ഓട്ടമത്സരങ്ങളില്‍ ഒരുപാട് സ്വര്‍ണ്ണവുമായി ഞാന്‍ ജനിച്ച നാടായ കൂത്താളിയിലേക്ക് വരുമ്പോള്‍ എന്റെ വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരിക്കല്‍ നാട്ടില്‍ വന്ന മാണിസാറിനോട് ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചു. അധികം താമസിക്കാതെ എന്റെ വീട്ടിലും അതുവഴി കൂത്താളി ഗ്രാമത്തില്‍ ആകെയും വെളിച്ചം എത്തിക്കാന്‍ മാണിസാര്‍ നടപടി സ്വീകരിച്ചു. അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ. മാണി എം.പി.യുടെ സഹപ്രവര്‍ത്തകയായി ഇപ്പോള്‍ രാജ്യസഭയില്‍ ഇരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. കായികതാരമായ മാണി സി കാപ്പനോടൊപ്പവും ഈ വേദിയില്‍ ഇരിക്കാന്‍ കഴിഞ്ഞതിലും എനിക്ക് ആഹ്ലാദമുണ്ട്.'' ഉഷ പറഞ്ഞു. പാലായില്‍ മിനി മാരത്തോണ്‍ വിജയികള്‍ക്ക് പി.ടി. ഉഷ പുരസ്‌കാരങ്ങള്‍ നല്‍കി .

ജോസ് കെ.മാണി എം.പി, മാണി സി കാപ്പന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബൈജു കൊല്ലംപറമ്പില്‍, തോമസ് പീറ്റര്‍, കോച്ച് കോരുത്തോട് കെ.പി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.