കോട്ടയം: പഴമയുടെ പ്രൗഢി വിളിച്ചോതുന്ന കർക്കടക വിപണിയായ പാക്കിൽ സംക്രമ വാണിഭം 17ന് സമാപിക്കും. കർക്കടകം ഒന്നു മുതൽ ഒരുമാസം നീളുന്ന നാട്ടു ചന്തയാണ് സംക്രമ വാണിഭം. പാക്കിൽ ധർമ്മശാസ്താക്ഷേത്രമൈതാനത്താണ് സംക്രമവാണിഭം കാലങ്ങളായി നടക്കുന്നത്. പറയിപെറ്റ പന്തരികുലത്തിലെ രണ്ടാമനായ പാക്കനാരുടെ ഓർമ്മ പുതുക്കുന്നതാണ് സംക്രമവാണിഭം. പരമ്പരാഗത ഉല്പന്നങ്ങളുടെ വില്പനയാണ് വാണിഭത്തിലെ പ്രധാന ആകർഷണം. പരമ്പരാഗത ഇനങ്ങളായ പായ, കുട്ട, മുറം, വട്ടി എന്നിവയ്‌ക്കൊപ്പം മൺപാത്രങ്ങൾ, നാടൻ കുടംപുളി, തേൻ ഉല്പന്നങ്ങൾ, ചെടി ഇനങ്ങൾ, കളിപ്പാട്ടങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയും ലഭിച്ചിരുന്നു. പഴയകാലത്ത് മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ തുറന്ന വിപണിയായിരുന്ന സംക്രമം രണ്ട് മാസത്തോളമായിരുന്നു നീണ്ടു നിന്നിരുന്നത്. മുൻ കാലങ്ങളിൽ ഫർണിച്ചർ വ്യാപാരവും ഇവിടെ നടന്നിരുന്നെങ്കിലും കൊവിഡ് കാലത്തോടെ നിലച്ചു. അന്യ ജില്ലകളിൽ നിന്ന് പോലും മുമ്പ് സംക്രമ വാണിഭത്തിന് ആളുകളെത്തിയിരുന്നു.