മംഗലത്തുകരിയിലെ വെള്ളക്കെട്ടിൽ വലഞ്ഞ് 170 ഓളം കുടുംബങ്ങൾ

വൈക്കം: ഒരു കനത്തമഴ പെയ്താൽ പിന്നെ ദുരിതമായി. വെള്ളക്കെട്ടിൽ ആകെ വലയും. ഇത് തലയാഴം പഞ്ചായത്തിലെ പുന്നപ്പൊഴി ഭാഗത്തെ കുടുംബങ്ങളുടെ ദുരിതചിത്രമാണ്. മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിനു നടുവിലും സമീപത്തെ കോളനികളിലടക്കം താമസിക്കുന്ന 170 ഓളം കുടുംബങ്ങളാണ് വർഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ട് ദുരിതം പേറുന്നത്. 40 ഏക്കർ വിസ്തൃതിയുള്ള മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിൽ 30 ഏക്കറിലാണ് കൃഷിയുള്ളത്. ശേഷിക്കുന്ന പത്തേക്കറോളം സ്ഥലത്താണ് വീടുകളുള്ളത്. പാടശേഖരത്തിന് നടുവിലെ 50 ഓളം വീടുകളിൽ 30 എണ്ണം പട്ടികജാതി കുടുംബങ്ങളുടേതാണ്. പാടശേഖരത്തിനു സമീപത്തെ ഈട്ടാത്തറ ഭാഗം മുതലുള്ള പെയ്ത്തു വെള്ളം ഒഴുകിയെത്തുന്നത് മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിലാണ്. പാടശേഖരത്തോട് ചേർന്നുള്ള രാജീവ് ഗാന്ധി കോളനിയിൽ 50 കുടുംബങ്ങളും ലക്ഷം വീട് കോളനിയിൽ 25 വീടുകളുമുണ്ട്. മഴക്കാലമായാൽ ഈ വീടുകളിൽ താമസിക്കുന്നവർ വെള്ളക്കെട്ടിനു നടുവിലാണ് കഴിയുന്നത്. മലിനജലം മൂലം പ്രദേശവാസികൾക്ക് രോഗങ്ങൾ ഒഴിയുന്നില്ല. വെള്ളം കെട്ടിനിന്ന് ചെളിക്കുളമായ പ്രദേശത്ത് ദുർഗന്ധവും രൂക്ഷമാണ്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കക്കൂസ് ടാങ്കുകളിൽ വെള്ളം നിറഞ്ഞ് ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാകുന്നില്ല. പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡിൽ നിന്ന് വീടു വരെ മുട്ടറ്റം വെള്ളത്തിലൂടെ നീന്തിയാണ് പ്രദേശവാസികൾ വീട്ടിലെത്തുന്നത്. പ്രദേശവാസികളിൽ ഒരാളുടെ മൃതദേഹം വെള്ളക്കെട്ടിനു നടുവിൽ മണ്ണിട്ടുയർത്തിയാണ് സംസ്‌കരിച്ചത്.

പദ്ധതി തയാറാക്കണം

വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരം കാണാൻ പദ്ധതി തയാറാക്കണമെന്ന ആവശ്യം ശക്തമാണ്. പ്രദേശവാസികൾ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പാടശേഖരത്തിലെ കൃഷിയ്ക്കായി ബ്ലോക്ക് ,ജില്ലാ പഞ്ചായത്തുകളുടെ ധനസഹായത്തോടെ പെട്ടിയും പറയും മോട്ടോർ തറയും നിർമ്മിച്ചിട്ടുണ്ട്. പാടശേഖരത്തിലേയ്ക്ക് വെള്ളമെത്തിക്കുന്ന നാട്ടുതോടിന് കുറുകെ വെള്ളം കയറ്റിയിറങ്ങാൻ ഷട്ടറുകളോടു കൂടിയ സംവിധാനമൊരുക്കുകയും മോട്ടോർതറയ്ക്ക് മുന്നിലെ റോഡിന് കുറുകെ വെള്ളമൊഴുകിപ്പോകാൻ കലുങ്ക് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.