കോട്ടയം: ആകെ പെട്ടുപോയ അവസ്ഥ. ഇന്നലെ കോട്ടയം നഗരത്തിലെത്തിയവരുടെ അവസ്ഥ ഇതായിരുന്നു. ഗതാഗതക്കുരുക്ക് മൂലം മണിക്കൂറുകൾ നഗരം സ്തംഭിച്ചെന്ന് പറയാം. ഇന്നലെ ഉച്ചയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകുന്നേരമായിട്ടും അഴിഞ്ഞില്ല. നഗരത്തിലെ പ്രധാന റോഡുകൾ, പോക്കറ്റ് റോഡുകൾ ഉൾപ്പെടെ വാഹനക്കുരുക്കിൽ അകപ്പെട്ടു. സി.ഐ.ടി.യു, കേരള കർഷക സംഘം, കെ.എസ്.കെ.ടി.യു എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് പരിപാടിയെ തുടർന്നാണ് നഗരത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടത്. വൈകിട്ട് നാലോടെയാണ് സി.ഐ.ടി.യുവും കർഷക സംഘവും ചേർന്ന് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചത്. ബേക്കർ ജംഗ്ഷൻ, മാർക്കറ്റ് റോഡ്, കെ.എസ്.ആർ.ടി.സി, പുളിമൂട് ജംഗ്ഷൻ, സ്റ്റാർ ജംഗ്ഷൻ, തിരുനക്കര, തിയേറ്റർ റോഡ്, കഞ്ഞിക്കുഴി തുടങ്ങിയ പ്രധാന റോഡുകളിൽ വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെ തിങ്ങി നിറഞ്ഞിരുന്നു. പ്രധാന റോഡിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഇടറോഡുകളിലേക്ക് കൂടുതൽ വാഹനങ്ങളും വലിയ വാഹനങ്ങളും കടന്നെത്തിയതോടെ ഇവിടെയും കുരുക്കിൽ അകപ്പെട്ടു. മാർച്ചിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനങ്ങൾ റോഡരരികിൽ പാർക്ക് ചെയ്തതും കുരുക്കിന്റെ ആക്കം കൂട്ടി. ആഴ്ചയുടെ അവസാനദിവസമായതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നെത്തുന്നവരും ഷോപ്പിംഗിനും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലേക്ക് എത്തുന്നവരും അധികമായിരുന്നു. അതിനാൽ പതിവ് ദിവസങ്ങളിലേതിനെക്കാൾ തിരക്കും അനുഭവപ്പെട്ടു.