thushar
എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖകളുടെയും പോഷകസംഘടനകളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള നേതൃത്വ പരിശീലന ക്യാമ്പ് 'ജ്ഞാനദീപ്തം 2022' സമാപന സമ്മേളനം തേക്കടി എസ്.എൻ ഇന്റർനാഷണലിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കുമളി: എസ്.എൻ.ഡി.പി യോഗം ഈശ്വരന്റെ കൈയ്യൊപ്പുള്ള സംഘടനയാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖകളുടെയും പോഷകസംഘടനകളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള നേതൃത്വ പരിശീലന ക്യാമ്പ് 'ജ്ഞാനദീപ്തം 2022' സമാപന സമ്മേളനം തേക്കടി എസ്.എൻ ഇന്റർനാഷണലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തികക്രമക്കേടുകൾ നടത്തിയതിന്റെ പേരിൽ സംഘടനയിൽ നിന്ന് പുറത്താക്കിയവരെ കൂട്ടുപിടിച്ചാണ് ചിലർ യോഗത്തെ തകർക്കാൻ ശ്രമിക്കുന്നത്.

കഴിഞ്ഞ നൂറു വർഷം കൊണ്ട് നേടിയത് 25 വർഷം കൊണ്ട് സംഘടനയ്ക്ക് നേടാനായി. ഗുരുദേവ ദർശനത്തിലൂന്നി നിന്നുകൊണ്ടാണ് യോഗം പ്രവർത്തിക്കുന്നതെന്നും തുഷാർ പറഞ്ഞു. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു നന്ദിയും പറഞ്ഞു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ സംഘടനാ സന്ദേശം നൽകി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, സെക്രട്ടറി കെ.പി. ബിനു എന്നിവർ സംസാരിച്ചു. ഇന്നലെ രാവിലെ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി 'എങ്ങനെ നല്ല ഭാരവാഹികളാകാം" എന്ന വിഷയത്തിലും വിൻ വേൾഡ് ഫൗണ്ടഷൻ ചെയർമാൻ അഡ്വ. എസ്. ജയസൂര്യൻ 'നേതൃത്വ പ്രതിസന്ധികളും വെല്ലുവിളികളും" എന്ന വിഷയത്തിലും ക്ലാസെടുത്തു. പ്രവർത്തകർക്ക് പുതിയ അനുഭവം നൽകിയാണ് രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പ് സമാപിച്ചത്.