പാലാ: ഏത് ജോലിയും മഹത്തരമാണെന്ന ഭാരതീയ സങ്കല്പം പുതുതലമുറ ആവേശത്തോടെ ഉൾക്കൊള്ളണമെന്ന് കൊച്ചി ഇൻകം ടാക്‌സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ് പറഞ്ഞു. കിട്ടുന്ന ജോലിയിൽ മികവു തെളിയിക്കണം. കഴിഞ്ഞുപോയ പരാജയങ്ങളെ ഓർത്ത് തളരാതെ ഉന്നതവിജയത്തിനായി കുട്ടികൾ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദ വിദ്യാരത്ഥകൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജ്യോതിസ് മോഹൻ. യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറുമായ സി.പി ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഉഴവൂർ വി.കെ രഘുനാഥൻ നായർ സ്വാഗതവും എൻ.എസ്.എസ് ഇൻസ്‌പെക്ടർ കെ.എൻ സുരേഷ് കുമാർ നന്ദിയും പറഞ്ഞു. താലുക്കിലെ വിവിധ കരയോഗങ്ങളിൽ നിന്നും ഇരുന്നൂറോളം കുട്ടികളും, യൂണിയൻ കമ്മറ്റിയംഗങ്ങളും, വനിതാ യൂണിയൻ കമ്മറ്റിയംഗങ്ങളും, പ്രതിനിധിസഭാ മെമ്പർമാരും യോഗത്തിൽ പങ്കെടുത്തു.