roslin-mary

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രായമാണ് ഇവർക്കും. 1947 ആഗസ്റ്റ് 15ന് പിറന്നവരുടെ വിശേഷങ്ങൾ.

റോസ്‌ലിൻ മേരി ചാക്കോ

1947ആഗസ്റ്റ് 15ന് രാത്രിയിലായിരുന്നു അയർക്കുന്നം പാലയ്ക്കാമറ്റം വീട്ടിൽ റോസ്‌ലിൻ മേരി ചെറിയാന്റെ ജനനം. ഇ.റ്റി തോമസിന്റെയും റോസമ്മയുടെയും അഞ്ചു മക്കളിൽ മൂത്തയാളാണ്. സ്വാതന്ത്ര്യം ലഭിച്ച അന്നുതന്നെ പിറന്നത് ഭാഗ്യമാണെന്ന് റോസ്‌ലിൻ പറഞ്ഞു. അത് മറ്റുള്ളവരോട് പറയാൻ അഭിമാനമുണ്ട്. 1971ൽ വിവാഹത്തിന് ശേഷം തൃശൂരിലേക്ക് കുടിയേറി. ഭർത്താവിന്റെ മരണശേഷം മകൾക്കൊപ്പമാണ് താമസം.

ഇന്ദുലേഖ

കുമാരനെല്ലൂർ രമണീഭവൻ വീട്ടിൽ ഇന്ദുലേഖയുടെ ജനനം 1947 ആഗസ്റ്റ് 15 വെളുപ്പിന് അഞ്ചുമണിക്കാണ്. രാജ്യം സ്വാതന്ത്ര്യ പുലരിയിലേക്ക് കൺതുറക്കുന്ന സമയം. അച്ഛൻ തികഞ്ഞ രാജ്യസ്നേഹിയായിരുന്നു. ഹോമിയോ ഡോക്ടറായിരുന്ന അച്ഛൻ 'രഘുപതി രാഘവ രാജാ റാം' പാടി തന്നത് ഇപ്പോഴും ഓർമയിലുണ്ട്. തന്റെ ജന്മദിനത്തെ പറ്റി കൂട്ടുകാരോട് പറയുമ്പോൾ അവർക്ക് അതിശയമാണെന്ന് ഇന്ദുലേഖ പറഞ്ഞു. ഭർത്താവ് - സോമനാഥ പണിക്കർ. മൂന്നു മക്കളുണ്ട്.

ത്രേസ്യാമ്മ മാത്യു

സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിനിടയിലാണ് നീണ്ടൂർ മൂഴിക്കുളങ്ങര തൊട്ടിയിൽ വീട്ടിൽ ത്രേസ്യാമ്മ മാത്യുവിന്റെ ജനനം. ജനങ്ങൾ ചൂട്ടു കത്തിച്ച് പടക്കം പൊട്ടിച്ചാഘോഷിച്ചെന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. അന്ന് വീട്ടിലും വലിയ ആഘോഷമായിരുന്നു. അതിനിടയിലാണ് വെളുപ്പിന് എന്റെ ജനനം. പഠനകാലത്ത് സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്ത ആളാണ് എന്റെ പിതാവ്. ആ അഭിമാനവുമുണ്ട്.- ത്രേസ്യാമ്മ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായിരുന്നു.

മേരി തോമസ്

"ഇന്ത്യയ്ക്കൊപ്പം നിനക്കും സ്വാതന്ത്ര്യം കിട്ടി. ആ സ്വാതന്ത്ര്യത്തിലാണ് നീ ഇപ്പോഴും ജീവിക്കുന്നത്" കാവാലം അറനിലം വാരിക്കാട് വീട്ടിൽ മേരി തോമസിനോട് സുഹൃത്തുക്കൾ പറയുന്ന വാക്കുകളാണിത്. ആഗസ്റ്റ് 15 വെളുപ്പിനെ രണ്ടിനാണ് ജനനം. വീട്ടിലെ 11 മക്കളിൽ ഏറ്റവും ഇളയ ആൾ. 28 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചു. മൂന്നു ആൺമക്കൾക്കൊപ്പമാണ് താമസം. എവിടെ ചെന്നാലും തന്റെ ജനനത്തീയതി അഭിമാനത്തോടെയാണ് പറയുന്നത്. രണ്ടാമത്തെ മകൻ ജേക്കബ് ജനിച്ചതും ആഗസ്റ്റ് 15നാണ്. 1972ൽ.

ദുമ്മിനി

പൊൻകുന്നം ചിറക്കടവ് പാമ്പൂരിക്കൽ വീട്ടിൽ ദുമ്മിനിയ്ക്ക് ജന്മദിനം ഇരട്ടിസന്തോഷം പകരുന്നു. ഇന്ത്യയ്ക്കൊപ്പം ജനിച്ചു. ഒപ്പം കന്യാമറിയത്തിന്റെ സ്വർഗ്ഗാരോഹണതിരുന്നാൾ ദിവസം ജനിച്ചു. വെളുപ്പിനേ ഒന്നിനാണ് ജനനം. പള്ളിയിൽ പോയി ദേശീയ പതാക ഉയർത്തുന്ന ഓർമ്മകളാണ് ദുമ്മിനിയുടെ മനസ് മുഴുവൻ. സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ അച്ഛനോടൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും മുൻ അദ്ധ്യാപകനായ ദുമ്മിനി പറഞ്ഞു. ഇന്ത്യയുടെ കൂടെ പിറക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.

ടി.സി വർഗീസ്

മുണ്ടക്കയം ചിറ്റടി അയ്മനംതറ വീട്ടിൽ ടി.സി വർഗീസിന് ഇത് രണ്ടാം ജന്മമാണ്. ആ തിരിച്ചുവരവിന്റെ സന്തോഷത്തിൽ നാളെ കേക്ക് മുറിച്ച് ആഘോഷിക്കുന്നുണ്ട്. ഫെബ്രുവരിയിൽ വീട്ടിൽ കുഴഞ്ഞുവീണ വർഗീസ് നാലു ദിവസം വെന്റിലേറിൽ കിടന്നു. മരണകിടക്കയിൽ നിന്നാണ് താൻ ജീവിതത്തിലേക്ക് തിരിച്ചെത്തി രാജ്യത്തിനൊപ്പം 75-ാം ജന്മദിനം ആഘോഷിക്കുന്നത്. ആഗസ്റ്റ് 15 വെളുപ്പിനെ മൂന്നിനായിരുന്നു ജനനം. ഈ ആഘോഷത്തിൽ പങ്കുചേരാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുകയാണ് അദ്ദേഹം.

രാമചന്ദ്രൻ നായർ

സദ്യയൊരുക്കി തന്റെ 75-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് എരമല്ലൂർ ഉറിയിടത്ത് വീട്ടിൽ രാമചന്ദ്രൻ നായർ. ഭാര്യ രാജമ്മ. മൂന്നു മക്കളുണ്ട്. ഇന്ത്യയുടെ പിറവിയ്ക്കൊപ്പം തന്നെ തന്റെ ജന്മദിനം ആഘോഷിക്കാൻ കഴിയുന്നത് സന്തോഷം പകരുന്നുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

സി.എൽ കുഞ്ഞച്ചൻ

ജയ് ജയ് ഭാരത്‌ മാതാ വിളികൾക്കിടയിലേക്കാണ് ആർപ്പൂക്കര ചാവറ വീട്ടിൽ സി.എൽ കുഞ്ഞച്ചൻ പിറന്നുവീണത്. സ്വതന്ത്ര ഭാരതത്തിലാണ് താൻ ജനിച്ചതെന്ന് കുഞ്ഞച്ചൻ സന്തോഷത്തോടെ പറയുന്നു. മകൻ ജിജോ കേരളപ്പിറവി ദിനത്തിലാണ് ജനിച്ചത്. കൊച്ചുമകൾ ക്രിസ്മസ് ദിനത്തിലും. ഇന്ന് പള്ളിയിൽ പോയി വന്ന ശേഷം മക്കളോടൊപ്പം ജന്മദിനം ആഘോഷമാക്കാനാണ് പദ്ധതി.

പി.ഇ അബ്ദുൾ കരീം

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ജന്മദിനം ആഘോഷിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് മുണ്ടക്കയം കല്ലിങ്കൽ വീട്ടിൽ പി.ഇ അബ്ദുൾ കരീം. ആഗസ്റ്റ് 15ന് പുലർച്ചെ കാരാപ്പുഴ ഇബ്രാഹിം റാവുത്തറുടെയും ഖദീജാ ബീവിയുടെയും പതിനൊന്ന് മക്കളിൽ മൂന്നാമത്തെയാളായാണ് ജനനം. അക്കാലത്ത് വടക്കേ ഇന്ത്യയിൽ സംഘർഷാവസ്ഥയായിരുന്നതിനാൽ, മുസ്ലീം സമുദായത്തിൽപ്പെട്ടവർ ഭീതിയോടെയായിരുന്നു കഴിഞ്ഞിരുന്നത്. അതിനാൽ താൻ ജനിച്ച സമയത്ത് സന്തോഷത്തിലുപരി ഭീതിയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്.