വൈക്കം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വൈക്കം ശ്രീമഹാദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ശ്രീമഹാദേവ കോളേജ്, ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ, സന്നദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റും കോളേജ് ഡയറക്ടറുമായ പി.ജി.എം നായർ കാരിക്കോട് നിർവ്വഹിച്ചു. അദ്ധ്യാപക പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ എം സേതു ദേശീയ പതാക ഉയർത്തി. ഫ്രീഡം വാൾ നിർമ്മാണം കോളേജ് വൈസ് പ്രിൻസിപ്പൾ പി.കെ നിതിയ ഉദ്ഘാടനം ചെയ്തു. ചിത്രരചന, കവിതാ രചന, പ്രബന്ധരചന, പ്രസംഗ മത്സരം, ഡിബേറ്റ്, മൈം, ദേശഭക്തി ഗാനം, ദേശീയോത്ഗ്രഥന നൃത്തം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തും. 15ന് രാവിലെ 9ന് ദേശീയ പതാക ഉയർത്തൽ, സ്‌ക്കിൽ എൻജ് എഡ്യൂവെഞ്ചർ, അഗ്‌നിവീർ പരിശീലകർ എന്നിവരുടെ സഹകരണത്തോടെ സ്വാതന്ത്രദിന ഡ്രിൽ എന്നിവ നടക്കും. അഗ്‌നിവീർ ചീഫ് ട്രെയിനർ വി.ആർ.സി നായർ നേതൃത്വം നൽകും. 9.30 മുതൽ നേത്രപരിശോധന ക്യാമ്പ് നടത്തും. 11 മുതൽ സെമിനാർ. തപസ്യ പ്രസിഡന്റ് പ്രൊഫ: പി ജി ഹരിദാസ് വിഷയാവതരണം നടത്തും.തുടർന്ന് ശ്രീമഹാദേവകോളേജ് വിദ്യാർത്ഥികളുടെ സാംസ്‌ക്കാരിക പരിപാടികൾ.