വെച്ചൂർ: വെച്ചൂർ മറ്റം റോഡിൽ അഞ്ചുമന തോടിനു കുറുകെയുള്ള താത്ക്കാലിക പാലം പുനർനിർമ്മിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ഷൈലകുമാറിന്റ അദ്ധ്യക്ഷതയിൽ ചേർന്ന ജനകീയ സമിതി യോഗം തീരുമാനിച്ചു. പാലത്തിന്റ പുനർ നിർമ്മാണത്തിനായി വെച്ചൂർ പഞ്ചായത്ത് ഒരു ലക്ഷം രൂപ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു. 18 മീറ്റർ വീതിയുള്ള ആഴമേറിയ തോടിനു കുറുകെ തെങ്ങിൻതടികൾ പാകി മീതെ മണ്ണിട്ടു തയ്യാറാക്കിയ പാലത്തിലൂടെയാണ് പ്രദേശത്തെ 130 ഓളം കുടുംബങ്ങളും 1500 ഏക്കറോളം വരുന്ന നെൽപാടശേഖരങ്ങളിലേയ്ക്കും കർഷകർ വിത്തും വളവും മറ്റും എത്തിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച കെ എസ് ഇ ബി ഏർപ്പെടുത്തിയ കരാറുകാരൻ വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കായി എത്തിച്ച ക്രയിനിൽ പോസ്റ്റുകൾ കയറ്റി പാലത്തിനക്കരയിലേക്കു കൊണ്ടുപോയപ്പോൾ ഭാരക്കൂടുതൽ മൂലം പാലത്തിന് ബലക്ഷയം സംഭവിച്ചിരുന്നു. ബലക്ഷയം സംഭവിച്ച പാലത്തിൽ നിന്ന് ടിപ്പർ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചിരുന്നു. പാലം ഗതാഗത യോഗ്യമല്ലാതായതോടെ പ്രദേശവാസികൾ ദുരിതത്തിലാണ്. എസ്.ഡി. ഷാജി ചെയർമാനും സജീഷ്ബാബു കൺവീനറുമായ 15 അംഗ കമ്മറ്റി താൽക്കാലിക പാലത്തിന്റ നിർമ്മാണവും തുടർ പ്രവർത്തനങ്ങളും ഏകോപിപ്പിക്കും. വാർഡ് മെമ്പർ ബിന്ദുരാജു , പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ സോജി ജോർജ് , പി.കെ. മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ്കുമാർ , വെച്ചൂർ , ആർപ്പൂക്കര പഞ്ചായത്ത് അംഗങ്ങളായ സഞ്ജയൻ , മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.