കോട്ടയം: അയിത്തത്തിനും അന്ധവിശ്വാസത്തിനുമെതിരെ വലിയ പോരാട്ടങ്ങൾ നടത്തി വളർന്ന പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കേരളകൗമുദി കോട്ടയം യൂണിറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി ഭേദത്തിനും മതദ്വേഷത്തിനുമെതിരെ നിലകൊണ്ട ശ്രീനാരായണഗുരുദേവന്റെ വാക്കുകൾ നമ്മുടെ കാതുകളിൽ മുഴങ്ങണം. മതനിരപേക്ഷതയുടെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങണം. വൈക്കം സത്യഗ്രഹമടക്കമുള്ള ചരിത്ര പ്രാധാന്യ വിഷയങ്ങളിൽ നിർണായക ഇടപെടലുകൾ കേരളകൗമുദി നടത്തി. സാധരണക്കാരന്റെയും പിന്നാക്കക്കാരന്റെയും നാവായി കേരളകൗമുദി മാറിയെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.എം.ചിൻമയൻ, സപ്ന ജോസഫ്, പി.വി.ബിജു, സുൾഫെക്‌സ് മാറ്റേഴ്സ് കമ്പനി സൗത്ത് റീജിയണൽ മാനേജർ അഭിലാഷ് പി.കെ., നോർത്ത് റീജിയണൽ മാനേജർ സോമേഷ് മോഹൻ, വൈറ്റ് മാർട്ട് എന്ന സ്ഥാപനത്തിന്റെ അമരക്കാരായ പ്രവീൺ വി.ആർ, അഖിൽ ആർ.നായർ, സന്നദ്ധ പ്രവർത്തകൻ കെ.എസ്.രാജേഷ്, സിമ്മി മാത്യു എന്നിവരെ കേരളകൗമുദിക്ക് വേണ്ടി മന്ത്രി ആദരിച്ചു.
75 വർഷത്തിന് മുൻപുണ്ടായ പ്രബലമായ മാറ്റത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ ഉപന്യാസ രചനയിൽ വിജയിച്ച സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മാനവും എം.എൽ.എ വിതരണം ചെയ്തു.
സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബി. രാധാകൃഷ്ണ മേനോൻ എന്നിവർ സംസാരിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രത്യേക ലേഖകൻ വി.ജയകുമാർ സ്വാഗതവും ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ നന്ദിയും പറഞ്ഞു.