boat

കോട്ടയം. ഓണ സീസൺ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഹൗസ് ബോട്ട് മേഖല. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധി മറികടന്നുവരുമ്പോഴാണ് വെള്ളപ്പൊക്കം വില്ലനായത്. അതേൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ ഓണ സീസണിൽ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹൗസ് ബോട്ടുടമകളും ശിക്കാരവള്ളക്കാരും.

മൺസൂൺ ടൂറിസത്തിന് സഞ്ചാരികൾ എത്തേണ്ട സമയത്താണ് പ്രകൃതിക്ഷോഭമുണ്ടായത്. മുൻകാലങ്ങളിൽ നിരവധി വിദേശ സഞ്ചാരികളാണ് എത്തിയിരുന്നെങ്കിൽ ഇത്തവണ കാര്യമായി വരുവുണ്ടായില്ല. കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തോളമായി ടൂറിസം മേഖല പ്രതിസന്ധിയിലായിരുന്നു. ഇക്കഴിഞ്ഞ വെളളപ്പൊക്കം കുമരകം മേഖലയെ കാര്യമായി ബാധിച്ചില്ലെങ്കിലും മുൻ വർഷങ്ങളിലെ ഒാർമ്മയിൽ സഞ്ചാരികൾ ബുക്കിംഗ് കാൻസൽ ചെയ്തിരുന്നു. ഓണ സീസണിലേയ്ക്ക് ബുക്കിംഗ് നടക്കുന്ന സമയമാണിത്. സെപ്തംബർ മാസത്തിൽ വള്ളംകളി ആരംഭിക്കുന്നതിനാൽ വിനോദ സഞ്ചാരികൾ കൂടുതലെത്തും. കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും ചെറുതോടുകളിലൂടെ ശിക്കാര വള്ളത്തിലുള്ള യാത്രയും കായൽ വിഭവങ്ങളായ കരിമീനും ഞണ്ടും കൊഞ്ചും അടക്കമുള്ളവ രുചിക്കാനുമാണ് സഞ്ചാരികൾ എത്തുന്നത്. നവംബർ മാസത്തോടെ യൂറോപ്പിൽ നിന്നും വക്കേ ഇൻഡ്യയിൽ നിന്നും മാത്രമല്ല, അറബ് ടൂറിസ്റ്റുകളും എത്താറുണ്ട്. എന്നാൽ തദ്ദേശീയരായ മലയാളികളാണ് നിലവിൽ കൂടുതലായി വരുന്നത്. കൊവിഡ് വന്നതോടെ ഇതുമായി ബന്ധപ്പെട്ട തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് മാറി. നിലവിൽ തൊഴിലാളികളുടെ കുറവുമുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തെ അവധി മേഖലയ്ക്ക് പുത്തനുണർവായിരുന്നു. എല്ലാ ഹൗസ് ബോട്ടുകൾക്കും ബുക്കിംഗ് ലഭിച്ചു. മണിക്കൂറും ബോട്ടിന്റെ വലിപ്പവും ആളുകളുടെ എണ്ണവും അനുസരിച്ചാണ് ചാർജ്.

കുമരകത്തെ ഹൗസ് ബോട്ടുകൾ: 120.

ഹൗസ് ബോർഡ് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി മുൻ പ്രസിഡന്റ് ഷനേജ് കുമാർ പറയുന്നു.

അന്യസംസ്ഥാനത്ത് നിന്നുള്ളവർ കൂടുതലായി എത്തിയെങ്കിലേ മേഖലയ്ക്ക് ഉണർവുണ്ടാകൂ.