പാലാ: കൃഷ്ണാഷ്ടമിയുടെ പുണ്യത്തിൽ പാലാ നഗരസഭ ആർ.വി. പാർക്കിന് ശാപമോക്ഷം. കഴിഞ്ഞ ഒരു വർഷത്തോളമായി കാട്ടുപള്ളകൾ കയറി മൂടിയും സ്റ്റേജ് ശോച്യാവസ്ഥയിലായും കിടന്നിരുന്ന ആർ.വി പാർക്കിനെ ഇന്നലെ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന കൃഷ്ണായനം പരിപാടിയാണ് പുതുവെളിച്ചമേകിയത്.

നഗരസഭ അധികാരികളുടെ കെടുകാര്യസ്ഥത മൂലം സ്വാതന്ത്ര്യ സമരസേനാനി ആർ.വി. തോമസിന്റെ പേരിലുള്ള പാർക്ക് നാശത്തിന്റെ വക്കിലായിരുന്നു. ഇരിക്കാനുള്ള ബഞ്ചുകൾ തുരുമ്പെടുത്തു. പാർക്കിലെ വേദിയാകട്ടെ ചോർന്നൊലിക്കുന്നു. ജനറേറ്ററും മഴനനഞ്ഞ് ഉപയോഗശൂന്യമായി.

ഇതിനിടെയാണ് അഷ്ടമി രോഹിണി മഹോത്സവത്തിന് മുന്നോടിയായി കൃഷ്ണായനം 2022 എന്ന പരിപാടി ബാലഗോകുലം പൊൻകുന്നം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ആർ.വി പാർക്കിൽ നടത്താൻ തീരുമാനിച്ചത്. പരിപാടിക്ക് മുന്നോടിയായി സ്വാഗതസംഘം ഭാരവാഹികളായ നന്ദകുമാര വർമ്മ, അഡ്വ. രാജേഷ് പല്ലാട്ട്, എം.ആർ. രാജേഷ്, കെ.ആർ. സൂരജ് പാലാ എന്നിവരുടെ നേതൃത്വത്തിൽ ആർ.വി. പാർക്കും ഉള്ളിലെ സ്റ്റേജും പരിസരവും കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കുകയായിരുന്നു. ഇത് പാർക്കിന് പുതുജീവനായി. ഇന്നലെ കൃഷ്ണായനം പരിപാടി ഉദ്ഘാടനം ചെയ്യാൻ പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയാണ് എത്തിയത്. നഗരസഭാ ചെയർമാനായ ആന്റോ ജോസ് പടിഞ്ഞാറേക്കര ആർ.വി. പാർക്ക് സംരക്ഷിക്കാൻ അടിയന്തിര നടപടികൾ നഗരസഭ കൈക്കൊള്ളുമെന്ന് ഉറപ്പുനൽകി. കൃഷ്ണായനം പരിപാടിയിലൂടെ ആ.വി. പാർക്കിന് പുതുജീവനേകിയ സ്വാഗതസംഘം ഭാരവാഹികളോട് നഗരസഭാ ചെയർമാൻ നന്ദിയും അറിയിച്ചു.

കൃഷ്ണായനം ഭക്തിനിർഭരമായി


പാലാ: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മുന്നോടിയായി ബാലഗോകുലം പൊൻകുന്നം ജില്ലയുടെ നേതൃത്വത്തിൽ ആർ.വി. പാർക്കിൽ നടത്തിയ കലാസന്ധ്യയും സാംസ്‌കാരിക സമ്മേളനവും ഭക്തിനിർഭരമായി. പൂഞ്ഞാർ നന്ദകുമാര വർമ്മയുടെ അദ്ധ്യക്ഷയിൽ ചേർന്ന സമ്മേളനം നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. അഡ്വ. രാജേഷ് പല്ലാട്ട്, ഡോ. എൻ. ഉണ്ണികൃഷ്ണൻ, കെ.ആർ. സൂരജ് പാലാ, അഡ്വ. ഡി. പ്രസാദ്, ബിജു കൊല്ലപ്പള്ളി, ഡോ. പി.സി. ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ ഭക്തികലാപരിപാടികളുമുണ്ടായിരുന്നു.