കോട്ടയം : പരാതി പറയാൻ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നവർ നടുവൊടിയാതെ തിരിച്ചെത്തിയാൽ ഭാഗ്യം. അത്രയ്ക്ക് ഇങ്ങേട്ടേക്കുള്ള റോഡിന്റെ അവസ്ഥ. പേരിന് പോലും ടാറില്ല, ആകെയുള്ളത് നിറയെ കുണ്ടും കുഴികളും, ഒപ്പം പൊടിശല്യവും. വെസ്റ്റ് പോലീസ് സ്റ്റേഷൻ, കോട്ടയം ട്രാഫിക്ക് സ്റ്റേഷൻ, ജലഗതാഗത വകുപ്പിന്റെ ജില്ലാ ആസ്ഥാനവും ബോട്ട് ജെട്ടിയും, ടൂറിസം വകുപ്പിന്റെ കെട്ടിടം, ജില്ലാ വെറ്റിനറി ആശുപത്രി, ബിവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ് എന്നിങ്ങനെ നിരവധി സർക്കാർ സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത് നിരവധിപ്പേരാണ്. ആശുപത്രിയിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾ ഈ വഴിയിലാണ് പാർക്ക് ചെയ്യുന്നത്. ഇത് ഗതാഗത തടസത്തിനും ഇടയാക്കുന്നു.
പൊടിശല്യത്തിൽ പൊറുതിമുട്ടി
ലോഡ് ഇറക്കാനായി വലിയ വാഹനങ്ങൾ സ്ഥിരമായി ഇതിലെ കടന്ന് പോകുന്നതിനാൽ പൊടിശല്യം രൂക്ഷമാണ്. സമീപത്തെ കടകളുടെ മുൻവശത്ത് പൊടിയടിക്കാതിരിക്കാൻ തുണികൊണ്ട് മറച്ചിരിക്കുകയാണ്. കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് ബോട്ടിൽ പോകാൻ നിരവധിപ്പേരാണ് എത്തുന്നത്.
റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണം.
രാജപ്പൻ, പ്രദേശവാസി