കോട്ടയം: കായൽ സൗന്ദര്യം ആസ്വദിച്ച് ഒരു ബോട്ട് യാത്ര. മൺസൂൺ ടൂറിസംകാലമാണെങ്കിലും പ്രതികൂല കാലാവസ്ഥയിലും ബോട്ട് യാത്ര ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കാണ്. അവധി ദിവസങ്ങളിൽ നിരവധി പേരാണ് കായൽ യാത്രയ്ക്കായി എത്തിയത്. കോട്ടയത്തു നിന്നുള്ള ബോട്ട് സർവീസ് മൂന്ന് മാസം മുമ്പ് പള്ളം കായലിലേക്ക് മാറ്റിയതിനാൽ, യാത്രക്കാരുടെ എണ്ണം ആദ്യ സമയങ്ങളിൽ കുറവായിരുന്നെങ്കിലും പിന്നീട് നിലമെച്ചപ്പെട്ടു.
അതേ സമയം ബോട്ട് പുത്തൻതോട്ടിലൂടെ സർവീസ് നടത്തിയാൽ വരുമാനം ഇനിയും വർദ്ധിക്കുമെന്ന് അധികൃതർ പറയുന്നു. നഗരസഭയുടെ നിയന്ത്രണത്തിലുള്ള പൊക്ക് പാലങ്ങൾ തകരാറിലായതോടെയാണ് കാഞ്ഞിരം വെട്ടിക്കാട്ടിലൂടെ ബോട്ട് ഓടിക്കാൻ കഴിയാതെയായത്. പള്ളം കായലിലൂടെ സഞ്ചരിക്കുമ്പോൾ കായൽ കാഴ്ചകൾ കുറവായതാണ് പലരും ബോട്ട് യാത്രയെ ഒഴിവാക്കാൻ കാരണമായി പറഞ്ഞിരുന്നത്. ആലപ്പുഴ ചങ്ങനാശേരി റോഡ് അറ്റകുറ്റപ്പണികൾക്ക് അടച്ചിട്ടതും ബോട്ട് യാത്രയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു.
സർവീസ് ഇങ്ങനെ
രാവിലെ 5ന് കാഞ്ഞിരം ആലപ്പുഴ, 6.45ന് കോടിമത ആലപ്പുഴ, 11.30ന് കോടിമത ആലപ്പുഴ, 1ന് കോടിമത ആലപ്പുഴ, 4ന് കാഞ്ഞിരം ആലപ്പുഴ, 5.45ന് കാഞ്ഞിരം ആലപ്പുഴ എന്നിങ്ങനെ ആറ് സർവീസുകളാണ് കോട്ടയത്തു നിന്നും ആലപ്പുഴയ്ക്കുള്ളത്. 29 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് ചാർജ് എന്നിങ്ങനെയാണ് ഈടാക്കുന്നത്.
വരുമാനം ഉയരും
കാഞ്ഞിരത്തുനിന്ന് ആലപ്പുഴക്ക് ബോട്ട് സർവീസുണ്ടെങ്കിലും വിദേശ സഞ്ചാരികളടക്കം കോടിമതയിൽ നിന്നുള്ള ബോട്ട് യാത്രയാണ് സുരക്ഷിതമായി കരുതുന്നത്. അന്യജില്ലകളിൽ നിന്നുള്ളവരും കൂടുതലായി എത്തുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഓണാവധിക്കാലത്ത് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സ്റ്റേഷൻ ഇൻസ്‌പെക്ടർ നജീബ് പറഞ്ഞു.