vegetable

കോട്ടയം. ഓണത്തിനായി കരുതിയ പച്ചക്കറികളിൽ ഭൂരിഭാഗവും മഴയും വെള്ളപ്പൊക്കവും കവർന്നതിനാൽ ഇക്കുറിയും നാം കഴിക്കേണ്ടിവരുന്നത് അന്യസംസ്ഥാനത്തുനിന്നുള്ള പച്ചക്കറിയാവും. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നശിച്ചത് ഓണ വിപണി ലക്ഷ്യമാക്കി നട്ടുവളർത്തിയ ഏത്തവാഴയും പച്ചക്കറികളുമാണ്. ഈ സാഹചര്യത്തിൽ കൃഷിവകുപ്പിന്റെ ചന്തകളിൽ പോലും തമിഴ്നാട്ടിൽ നിന്നടക്കമുള്ള പച്ചക്കറി എത്തിക്കാനാണ് നീക്കം.

ഓണത്തിന് ഒരു മുറം പച്ചക്കറി, ഞങ്ങളും കൃഷിയിലേയ്ക്ക് തുടങ്ങിയ കാമ്പയിനുകളിലൂടെ ജില്ലയിൽ കൃഷി ചെയ്യുന്നവരുടെ എണ്ണം കൂടിയിരുന്നു. ഇതിന് പുറമേയാണ് ഓണം പ്രതീക്ഷിച്ച് വ്യാവസായികാടിസ്ഥാനത്തിൽ പച്ചക്കറികളും വാഴയും കൃഷി ചെയ്തത്. വൈക്കം താലൂക്കിലെ കുറവിലങ്ങാട്, കടുത്തുരുത്തി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഏറ്റവും കൂടുതൽ കൃഷി. എന്നാൽ 19.45 ഹെക്ടറിലെ 2.21 കോടി രൂപയുടെ വാഴ കൃഷി മാത്രം ഇക്കുറി നശിച്ചുപോയി. ഇതിന് പുറമേയാണ് പച്ചക്കറിയുടെ നാശം.

ചന്തകൾ കൂടും.

കൊവിഡ് നിയന്ത്രണങ്ങൾ മാറിയതിന് ശേഷം ആദ്യമായി നടക്കുന്ന ഓണാഘോഷമായതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പച്ചക്കറി ചന്തകൾ ഇക്കുറിയുണ്ടാവും. കൃഷി വകുപ്പ് നേരിട്ടും ഹോർട്ടി കോർപ്പും സഹകരണ വകുപ്പും ഫ്രൂട്സ് ആൻഡ് പ്രമോഷൻ കൗൺസിലുമടക്കം ഓണച്ചന്തകൾ നടത്തും. സെപ്തംബർ ഒന്നു മുതലെങ്കിലും ചന്തകൾ ആരംഭിക്കും.

ഓണച്ചന്തകൾ തുടങ്ങും.

വിപണി വിലയേക്കാൾ 10 ശതമാനം അധികം വില നൽകി കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് 30 ശതമാനം വിലക്കുറവിൽ ഓണച്ചന്ത വഴി വിൽക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. ഓണക്കൃഷി നശിച്ചതിനാൽ തമിഴ് നാട്ടിൽ നിന്ന് പച്ചക്കറി എത്തിച്ച് ചന്തകളിലെത്തിക്കാനാണ് തീരുമാനം. എത്ര ടൺ പച്ചക്കറി വേണമെന്നുള്ള കണക്കെടുപ്പ് നടക്കുകയാണ്.

ചന്തകൾ ഇങ്ങനെ.

സംസ്ഥാന കൃഷി വകുപ്പ് 34.

ഹോർട്ടി കോർപ്പ് 45.

വെജിറ്റബിൾ പ്രമോഷൻ കൗൺസിൽ: 17