പാലാ: കലിയുഗവരദനെ കൊട്ടിയുണർത്തിയ, ദീപാരാധനയ്ക്കും മകരവിളക്കിനും മലമുകളിൽ മുഴങ്ങിയ കൂറ്റൻ മണി ഇനി പയപ്പാറിൽ വാഴുന്ന അയ്യപ്പസ്വാമിക്ക് തുയിലുണർത്താകും. ശബരിമലയിലെ മണി നാളെ പയപ്പാർ ശ്രീധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ സ്ഥാപിക്കും.
മലയിൽ പുതിയ മണി കെട്ടിയപ്പോൾ ദേവസ്വം ഭണ്ഡാരസൂക്ഷിപ്പിലേക്ക് മാറ്റിയ പഴയ വലിയ മണിയാണ് പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആഘോഷപൂർവം കൊണ്ടുവരുന്നത്. അടുത്തിടെ പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എ. അനന്തഗോപൻ, മെമ്പർ പി.എം. തങ്കപ്പൻ എന്നിവർക്ക് മുമ്പാകെ തങ്ങൾക്ക് പുതിയ മണി വേണമെന്ന് ആവശ്യപ്പെട്ട് പയപ്പാർ ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ നിവേദനം നൽകിയിരുന്നു.
പയപ്പാർ ക്ഷേത്രം ഭാരവാഹികൾ മണി കൊണ്ടുവരാനായി ഇന്നലെ ശബരിമലയ്ക്ക് തിരിച്ചു. ഇന്ന് രാവിലെ മണിയുമായി മലയിറങ്ങുന്ന സംഘം ഉച്ചയോടെ പയപ്പാർ ക്ഷേത്രസന്നിധിയിൽ എത്തും. ഓടിൽ തീർത്ത മണിക്ക് 20 കിലോയോളം തൂക്കമുണ്ട്. 12 വട്ടം വ്യാസവും ഒരടി ഉയരവുമുള്ള മണിയാണ് പയപ്പാർ ക്ഷേത്രത്തിൽ എത്തിക്കുന്നത്.
ശനിയാഴ്ച രാവിലെ 8.30ന് ക്ഷേത്രം ജംഗ്ഷനിൽ നിന്ന് താലപ്പൊലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ കൂറ്റൻ മണി ആഘോഷപൂർവ്വം ക്ഷേത്ര ശ്രീകോവിലിലേക്ക് ആനയിച്ച് കൊണ്ടുവരും. തുടർന്ന് ശ്രീകോവിലിന് മുന്നിൽ തൂക്കുന്ന മണിയിൽ ആദ്യനാദം പൊഴിച്ചുകൊണ്ട് മണിയുടെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി. നായർ നിർവഹിക്കും.
ഫോട്ടോ അടിക്കുറിപ്പ്
പയപ്പാർ ശ്രീധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ശബരിമലയിലെ മണി