തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്. നിരവധി വളർത്തു മൃഗങ്ങളെയും നായ്ക്കളേയും കടിച്ച, പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ ചത്തതോടെ തലയോലപ്പറമ്പ് നിവാസികൾ ഭീതിയിലായി. ചത്ത നായയുടെ ജഡം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ചെള്ളാങ്കൽ, ആംബുലൻസ് ഡ്രൈവർ അനന്തു ഉണ്ണി, പഞ്ചായത്ത് ക്ലീനിങ് ജീവനക്കാരായ കുഞ്ഞുകൊച്ച്, മോഹനൻ എന്നിവർ ചേർന്ന് ഇന്നലെ തിരുവല്ലയിലെ സംസ്ഥാന പക്ഷി രോഗ നിർണയ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. കേന്ദ്രം അവധിയായതിനാൽ ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കു. ആക്രമിച്ച തെരുവുനായയ്ക്ക് പേ വിഷബാധ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരീകരണം വരാൻ 3 ദിവസം വേണ്ടിവരും. സംഭവത്തെ തുടർന്ന് ഇന്നലെ വൈകിട്ട് അടിയന്തര പഞ്ചായത്ത് യോഗം ചേർന്നു. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവ് നായ ആക്രമിച്ച മറ്റ് നായ്ക്കളെയും വളർത്ത് മൃഗങ്ങളെയും നിശ്ചിത ഇടവേളകളിൽ വാക്‌സിൻ നൽകി പ്രത്യേകം സംരക്ഷിക്കുന്നതിനും പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അലഞ്ഞുതിരിഞ്ഞ് നടക്കുന്നവയ്ക്ക് അടിയന്തരമായി കുത്തിവെപ്പ് നൽകാനും തീരുമാനമായി. ഇതിനായി ഡോഗ് ക്യാച്ചറിനെ നിയോഗിക്കും. പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ,മൃഗസംരക്ഷണ വകുപ്പ് അധികൃതർ അടക്കമുള്ളവർ അതതുപ്രദേശങ്ങളിൽ എത്തി ജനങ്ങളെ ബോധവത്കരിച്ചു.
തലയോലപ്പറമ്പ് പഞ്ചായത്തിലെ ഉമ്മാംകുന്ന്, പഞ്ചായത്ത് ജംഗ്ഷൻ, കോലത്താർ, കോരിക്കൽ, മാക്കോക്കുഴി, വടയാർ എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ 7.30 ഓടെയാണ് തെരുവ് നായയുടെ ആക്രമണം ആരംഭിച്ചത്. തലയോലപ്പറമ്പ് കോലത്താർ പുത്തൻ പുരയിൽ പി.ടി തങ്കച്ചൻ (52), പള്ളിപ്പുറം കുമ്പളങ്ങി സ്വദേശി ജോസഫ് (36), തലയോലപ്പറമ്പ് കോലത്താർ കോലേഴത്ത് ദിവ്യ (32), ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ വിശ്രുതൻ ( 54), ഉമ്മാംകുന്ന് എടത്തട്ടയിൽ റോസക്കുട്ടി ജോസ് (67), കോരിക്കൽ തൈയ്യിൽ ആനന്ദ് ടി. ദിനേശ് (26), തലയോലപ്പറമ്പ് കുഴിയന്തടത്തിൽ അജിൻ (52), കോലത്താർ ആശിഷ് നിവാസിൽ രവീന്ദ്രൻ (78) എന്നിവരെയും വടയാർ സ്വദേശികളായ 2 പേരെയും കടിച്ച ശേഷം നായ വളർത്ത് മൃഗങ്ങളെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ തങ്കച്ചൻ, ജോസഫ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. തലയോലപ്പറമ്പിന്റെ വിവിധ പ്രദേശങ്ങളിൽ നായ ശല്യം രൂക്ഷമാണ് തെരുവ് നായ്ക്കൾ ആക്രമിച്ച സംഭവം നിരവധിയാണ്. ഭയന്നാണ് ജനങ്ങൾ കഴിഞ്ഞു കൂടുന്നത്. ബസ്റ്റാന്റുകളിലും തെരുവ് നായ ശല്യം രൂക്ഷമാണ്.
നായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതി തലയോലപ്പറമ്പ് പഞ്ചായത്തിൽ നിലച്ചിട്ട് വർഷങ്ങളായതും തെരുവ് നായ്ക്കൾ പെരുകാൻ കാരണമാണ്.