പാലാ : പ്രതീക്ഷയുടെയും പുതുജീവിതത്തിന്റെയും സ്‌നേഹവീടുകൾ ഒരുക്കി പാലാ മരിയസദന്റെ പുതിയ ചുവടുവയ്പ്പ്. താളംതെറ്റിയ മനസിന്റെ കടിഞ്ഞാൺ പൂർണമായി വരുതിയിലായിട്ടും ഏറ്റെടുക്കാൻ ആരുമില്ലാത്തവർക്കായി രണ്ട് വീടുകളാണ് മരിയസദൻ ആരംഭിച്ചത്. കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ ഒരുക്കിയ വീടിന് ആന്തൂറിയം എന്നും പാലാ മീനച്ചിൽ പഞ്ചായത്തിൽ പ്രവർത്തനം ആരഭിച്ച വീടിന് ഓർക്കിഡ് എന്നും പേരിട്ടു. കൊല്ലപ്പള്ളിയിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ബാനിയൻ എന്ന സ്ഥാപനുമായി ചേർന്നാണ് സ്‌നേഹവീട് പ്രോജക്ട് നടപ്പിലാക്കുന്നത്. ''മാനസികരോഗത്തെ തുടർന്ന് വർഷങ്ങളായി സ്ഥാപനത്തിൽ കഴിയുന്ന രോഗം ഭേദമായവരെ യാതൊരു വിവേചനവുമില്ലാതെ മുഖ്യധാര സമൂഹത്തിൽ എത്തിക്കുക എന്നതാണ് സ്‌നേഹവീടുകളിലൂടെ ഉദ്ദേശികുന്നത്'' എന്ന് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് പറഞ്ഞു. ജോസ് കെ. മാണി എം.പി., മാണി സി. കാപ്പൻ എം.എൽ.എ എന്നിവരാണ് സ്‌നേഹവീടുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. വിവിധ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു.