ഏഴച്ചേരി : അല്ല, എന്താണ് കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോ അധികൃതരുടെ നിലപാട്. ഏഴാച്ചേരിക്കാർ നടന്ന് പോകണമെന്നാണോ. ആകെപ്പാടെ ഒരു ബസേയുള്ളൂ. അതും കൂടി നിറുത്തലാക്കാനാണോ നീക്കം. രാവിലെ 7.10 ന് പാലായിൽ നിന്ന് ഏഴാച്ചേരി വഴി രാമപുരത്തേക്ക് പോകുന്ന ഓർഡിനറി ബസ് 8 മണിയോടെ തിരിച്ച് രാമപുരത്തുനിന്ന് പാലായ്ക്ക് പോകും. നിരവധി വിദ്യാർത്ഥികളുടെയും സാധാരണക്കാരായ യാത്രക്കാരുടെയും ഏക ആശ്രയമാണ് ഈ സർവീസ്. എന്നാൽ ഇന്നലെ ഉൾപ്പെടെ അവധി ദിനങ്ങളിൽ ഈ സർവീസ് അയയ്ക്കാൻ പാലാ ഡിപ്പോ അധികൃതർ തയ്യാറാകുന്നില്ല. ഇതുമൂലം യാത്രക്കാർ ബുദ്ധിമുട്ടിലാണ്. വൈകിട്ട് 4.10 ന് ഏഴച്ചേരി വഴി രാമപുരത്തേക്കുള്ള സർവീസ് തിരികെ ഈ വഴിക്കല്ല ഓടുന്നത്. രാമപുരുത്തുനിന്ന് വളക്കാട്ടുകുന്ന് - ചക്കാമ്പുഴ വഴി പാലായ്ക്ക് പോവുകയാണ്. നിരവധി കെ.എസ്.ആർ.ടി.സി ബസുകളുള്ള റൂട്ടിൽ പലപ്പോഴും കാലിയടിച്ചാണ് ഈ മടക്കം. ഡീസൽ കാശ് പോലും കിട്ടാത്ത വഴിയിൽ ബസ് ഓടിക്കുന്നത് ഉന്നതാധികാരികൾ ആരും ചോദ്യം ചെയ്യുന്നുമില്ല.

എന്നാൽ ഈ ബസ് തിരികെ ഏാഴച്ചേരി വഴി ഓടുകയാണെങ്കൽ യാത്രക്കാരെ കിട്ടുമെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഏഴച്ചേരി വഴി ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ ഏഴ് സർവീസുകൾനടത്തിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ കുത്തക റൂട്ടായ ഏഴാച്ചേരി വഴി പിന്നീട് വിവിധ സ്വകാര്യ ബസുകളും സർവീസ് ആരംഭിച്ചു.

കൊവിഡ് പറഞ്ഞ് നിറുത്തലാക്കി

കൊവിഡ് കാലമായതോടെ ഏഴച്ചേരി വഴിയിള്ള എല്ലാ ട്രിപ്പുകളും കെ.എസ്.ആർ.ടി.സി നിറുത്തലാക്കി. ഇതോടെ യാത്രകേശ്ലം രൂക്ഷമായി. കൊവിഡ് കഴിഞ്ഞിട്ടും ഇതുവഴി ബസുകൾ ഓടിക്കാൻ പാലാ ഡിപ്പോ അധികൃതർ തയ്യാറായില്ല. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് പിന്നീട് രാവിലെ ഒരു സർവീസ് ആരംഭിച്ചത്. അതും ഇപ്പോൾ പല ദിവസങ്ങളിലും ഇല്ലാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.

ഏഴാച്ചേരി റൂട്ടിനെ അവഗണിച്ച് കെ.എസ്.ആർ.ടി.സി ഇനിയും ട്രിപ്പുകൾ മുടക്കാനാണ് ഭാവമെങ്കിൽ ഞങ്ങൾ സ്ത്രീ യാത്രക്കാർ സംഘടിച്ച് സമരമാർഗ്ഗത്തിലേക്ക് നീങ്ങും

കെ.പി.രമാദേവി, സ്വകാര്യസ്ഥാപന ജീവനക്കാരി