കോട്ടയം : പരിശോധനയൊക്കെ ഒരുവശത്ത് നടക്കും. അവർ യാത്രക്കാരുടെ കീശ കീറും. കോട്ടയം നഗരത്തിലെ ഓട്ടോക്കാരുടെ പതിവ് സ്വഭാവത്തിന് ഇതുവരെ ഒരുമാറ്റവും വന്നിട്ടില്ല. പുതിയ കളക്ടറും, എസ്.പി വന്നാലും ഇവർ‌ക്ക് വിഷയമൊന്നുമില്ല. 'ഓപ്പറേഷൻ ഫെയർ' എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആ​ഗ​സ്റ്റ് 4 മുതൽ 13 വരെയാണ് പരിശോധന നടത്തിയത്. 111 കേസുകൾ രജി​സ്റ്റർ ചെയ്തു. 28000 രൂപ പിഴ ഈടാക്കി. ഫെയർ മീറ്ററുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാ​ദയായ പെരുമാറുക, മദ്യപിച്ച് വാഹനമോടിക്കുക, ഫെയർ മീറ്ററുകളുടെ കണക്ഷൻ വിച്ഛേദിച്ച നിലയിൽ കണ്ടെത്തുക തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയാണ് കേസെടുത്തത്. റെയിൽവേ ​സ്റ്റേഷൻ, ബസ് ​സ്റ്റാൻഡ്‌, ആശുപത്രിക​ൾ എന്നിവിടങ്ങളിൽ നിന്ന് ഓട്ടം വിളിക്കുമ്പോൾ അമിത നിരക്കാണ് ഈടാക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ചെറിയ ദൂരങ്ങളിലേക്ക് ഓട്ടം പോകാൻ തയ്യാറാകുന്നില്ല. റെയിൽവേ ​സ്റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് ​സ്റ്റാൻഡ്‌ വരെയുള്ള രണ്ട് കിലോമീറ്ററിന് 80 രൂപയാണ് ചാർജ്. യാത്രക്കാരുടെ വ്യാപക പരാതിയെത്തുടർന്ന് വരും ദിവസങ്ങളിലും ഓണക്കാലത്തും പരിശോധന കർശനമാക്കുമെന്ന് ജോയി​ന്റ് ആർ.ടി.ഒ ഡി.ജയരാജ് അറിയിച്ചു.