മുണ്ടക്കയം : ഇളംകാട് ടോപ്പിലേക്കുള്ള മ്ലാക്കര പാലത്തിന് പകരം പുതിയ പാലം തുറന്നു. താത്ക്കാലികമായി നിർമ്മിച്ച പാലത്തിലൂടെ ചെറു വാഹനങ്ങൾ മാത്രമാണ് കടന്നു പോകുന്നത്. പഞ്ചായത്തിന്റെയും ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഒന്നരലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇതിനായി 80,000 രൂപ പഞ്ചായത്തിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ 7 -ാം വാർഡിലേക്കുള്ള പാലം കഴിഞ്ഞ ഒക്ടോബർ 16 ന് ഉണ്ടായ പ്രളയത്തിലാണ് തകർന്നത്. ഇതോടെ പ്രദേശവാസികൾ ഒറ്റപെട്ട നിലയിലായിരുന്നു. തുടർന്നു നാട്ടുകാർ ചേർന്ന് തടി പാലം നിർമിച്ചു എങ്കിലും അതും തകർന്നു. ഇളങ്കാട് ടോപ്, മ്ലാക്കര, മൂപ്പൻമല തുടങ്ങിയ പ്രദേശങ്ങളിൽ 3 പ്രധാന പാലങ്ങൾ ആയിരുന്നു പ്രളയത്തിൽ തകർന്നത്.പുതിയ പാലം നിർമ്മിക്കാൻ 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.