കോട്ടയം: തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മുന്നൊരുക്കം വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സെപ്തംബർ ഒന്നു മുതൽ എട്ടുവരെ നടക്കുന്ന പെരുന്നാളിന്റെ ഭാഗമായി സുരക്ഷ ശക്തിപ്പെടുത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്, റവന്യൂ, എക്‌സൈസ് കൺട്രോൾ റൂമുകൾ ആഗസ്റ്റ് 31 മുതൽ പ്രവർത്തനം ആരംഭിക്കും. പെരുന്നാളിന് സുരക്ഷ ഒരുക്കുന്നതിനായി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. നിരീക്ഷണത്തിനായി 52 സി.സി. ടി.വി കാമറകളും നിരീക്ഷണ ടവറുകളും സ്ഥാപിക്കും. പൊലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കും. ആറു മുതൽ എട്ടുവരെ കൂടുതൽ പൊലീസിനെ നിയോഗിക്കും. വനിതമഫ്ടി പൊലീസ് സേവനവും ലഭ്യമാക്കും. എക്‌സൈസ് നേതൃത്വത്തിൽ പരിശോധനകൾ വ്യാപിപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു. എക്‌സൈസ് കൺട്രോൾ റൂം തുറക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തിന്റെ സേവനവും ആംബുലൻസ് സേവനവും ലഭ്യമാക്കും. തടസരഹിതമായ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി.ക്ക് നിർദ്ദേശം നൽകി. മേഖലയിലെ വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കുന്നതിനും മാലിന്യനീക്കത്തിനും നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മുടക്കമില്ലാതെ കുടിവെള്ളം വിതരണം ചെയ്യാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. ഫയർഫോഴ്‌സ് യൂണിറ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെ.എസ്.ആർ.ടി.സി. പ്രത്യേക 15 സർവീസ് നടത്തും. മറ്റു ജില്ലകളിൽനിന്ന് പെരുന്നാൾ കാലയളവിൽ സർവീസ് നടത്തും. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ കൺട്രോൾ റൂം ആരംഭിക്കും. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തകരിക്കാൻ പൊതുമരാമത്ത് വകുപ്പിനും ഗ്രാമപഞ്ചായത്തുകളോടും മന്ത്രി നിർദ്ദേശിച്ചു. പെരുന്നാൾ കാലയളവിൽ പള്ളിയും പരിസരവും ഉത്സവ മേഖലയായും യാചക നിരോധന മേഖലയായി പ്രഖ്യാപിക്കാനും നടപടി സ്വീകരിക്കും. എട്ടുവരെയാണ് പെരുന്നാൾ.