കുമരകം : ഓട്ടത്തിനിടെ ഓട്ടോറിക്ഷയുടെ ചക്രം ഊരി തെറിച്ചു. കുമരകം രണ്ടാം കലുങ്ക് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ഓട്ടോറിക്ഷ എതിർ വശത്തേയ്ക്ക് ഓടി പാടത്തേയ്ക്ക് ഇറങ്ങി നിന്നു. ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരും ഒപ്പം ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. റോഡിൽ തിരക്ക് കുറഞ്ഞ സമയമായതിനാൽ അപകടം ഒഴിവായി. തിരുവാർപ്പ് കാഞ്ഞിരം സ്റ്റാൻഡിൽ നിന്ന് കുമരകം ഭാഗത്തേയ്ക്ക് വന്നിരുന്ന സുരേഷ് എന്നയാളുടെ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം - ചേർത്തല റോഡിലെ പതിവായി അപകടം ഉണ്ടാകുന്നിടമാണ് കുമരകം രണ്ടാം കലുങ്ക് ഭാഗം. മുന്നറിയിപ്പ് ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേഗതയ്ക്ക് കുറവില്ല.