പാലാ : പാലാ നഗരസഭയ്ക്ക് 3.7 കോടി രൂപയുടെ ഖര മാലിന്യ നിർമ്മാർജ്ജന പദ്ധതി. സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മനേജ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചതെന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ എന്നിവർ പറഞ്ഞു.പാലായിലെ ഖരമാലിന്യ സംസ്‌കരണ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് നഗരസഭാ അധികാരികളുടെ പ്രതീക്ഷ. നഗരത്തിലെ തദ്ദേശസ്ഥാപനങ്ങളും വിവിധ ഓഫീസുകളും മുഴുവൻ വീടുകളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. കേരളത്തിലാകെ 2200 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നതെന്നും ഇതിൽ നിന്നാണ് 3.7 കോടി രൂപ പാലായ്ക്ക് നൽകുന്നതെന്നും കേരള സോളിഡ് വേസ്റ്റ് മനേജ്‌മെന്റ് പ്രോജക്ടിന്റെ പ്രതിനിധി ശ്യാം ദേവദാസ് പറഞ്ഞു
പദ്ധതി എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്നതു സംബന്ധിച്ച് ഇന്നലെ നഗരസഭാ ഹാളിൽ യോഗം ചേർന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ ആന്റോ ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജു വി. തുരുത്തൻ, നീന ജോർജ്, തോമസ് പീറ്റർ, കൗൺസിലർമാരായ ജിമ്മി ജോസഫ്, മായ രാഹുൽ, ജോസ് ചീരാംകുഴി, സന്ധ്യാ ആർ, സിജി ടോണി എന്നിവരും, കുടുംബശ്രീ, സി.ഡി.എസ്, ഹരിതകർമ സേന അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.