പാലാ : ചേർപ്പുങ്കൽ പഴയ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് പി.ഡബ്ല്യു.ഡിയിൽ നിന്ന് ഫണ്ട് അനുവദിച്ചതായി അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ചേർപ്പുങ്കൽ ടൗൺ ഭാഗത്ത് മെയിൻ റോഡ് റീടാർ ചെയ്യുന്നതിനും അവശേഷിക്കുന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ചേർപ്പുങ്കലിൽ പുതിയതായി നിർമ്മിക്കുന്ന സമാന്തര പാലത്തിന് വേണ്ടിയുള്ള രണ്ടാമത്തെ ബീമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മോൻസ് ജോസഫ് വ്യക്തമാക്കി . ഒരാഴ്ചയ്ക്കുള്ളിൽ ഇതിന്റെ കോൺക്രീറ്റിംഗ് ജോലികൾ നടക്കും. ചേർപ്പുങ്കൽ പഴയ പാലത്തിലൂടെ ചെറുവണ്ടികൾക്ക് കടന്നുപോകാൻ കഴിയുന്ന വിധത്തിൽ ഗതാഗതം പുന:സ്ഥാപിച്ചതിലൂടെ യാത്രക്കാർ തൃപ്തികരമായി വാഹനങ്ങൾ ഉപയോഗിച്ച് വരുന്നതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളുടെ അടുത്തഘട്ടം പൂർത്തീകരിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനെ തുടർന്ന് കൂടുതൽ വാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്ന് എം.എൽ.എ വ്യക്തമാക്കി.