
കോട്ടയം. സംസ്ഥാന സർക്കാർ അതിദാരിദ്ര്യ നിർമാർജ്ജനത്തിനായി നടപ്പാക്കിയ പദ്ധതിക്കായി അതിവേഗം അതിദരിദ്രരെ കണ്ടെത്തിയ ജില്ലയ്ക്ക് ഭരണനിർവഹണത്തിനുള്ള ദേശീയ പുരസ്‌കാരം. രാജ്യപുരോഗതിക്കായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരമായ 'സ്‌ക്കോച്ച്' അവാർഡിനാണ് ജില്ലാ ഭരണകൂടം അർഹമായത്. സ്വതന്ത്ര സംഘടന സ്‌ക്കോച്ച് ഗ്രൂപ്പാണ് പുരസ്‌കാരം നൽകുന്നത്. കേരളത്തിൽനിന്നു കോട്ടയത്തിനു മാത്രമാണ് പുരസ്‌കാരം ലഭിച്ചത്. ദേശീയതലത്തിൽ ഇരുനൂറിലധികം നാമനിർദേശങ്ങളിൽ നിന്നാണ് ജില്ലയെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം കോർപറേഷൻ, എറണാകുളം ജില്ല, സൂററ്റ് സിറ്റി പൊലീസ്, കച്ചാർ, ഉന്നാവ് ജില്ലാഭരണകൂടങ്ങൾ തുടങ്ങി അറുപതോളം നാമനിർദേങ്ങളിൽനിന്നാണ് വിദഗ്ധരടങ്ങിയ ജൂറി കോട്ടയത്തെ തിരഞ്ഞെടുത്തത്.