വൈക്കം : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപക സെക്രട്ടറി പി കൃഷ്ണപിള്ളയുടെ 74ാം ചരമവാർഷികം സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കൃഷ്ണപിള്ള ജനിച്ചുവളർന്ന വൈക്കം കാരയിൽ പ്രദേശത്തെ പറൂപ്പറമ്പ് പുരയിടത്തിലായിരുന്നു ചരമവാർഷികാനുസ്മരണം. ഈ സ്ഥലം 2020 ൽ സി.പി.ഐ വിലയ്ക്ക് വാങ്ങിയിരുന്നു. കൃഷ്ണപിള്ള കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു പറഞ്ഞു. പറൂപ്പറമ്പ് പുരയിടത്തിൽ ചെങ്കൊടി ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ കർഷക പ്രസ്ഥാനവും ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്നതിൽ വളരെ ചുരുങ്ങിയ ജീവിതകാലത്തിനുള്ളിൽ കൃഷ്ണപിള്ള വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. സഖാവിന്റെ ജന്മഗൃഹത്തിൽ ചെങ്കൊടി ഉയർന്ന നിമിഷം എല്ലാ കമ്മ്യൂണിസ്റ്റുകാരുടെയും അഭിമാനനിമിഷമാണെന്നും ബിനു കൂട്ടിച്ചേർത്തു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ ടി.എൻ രമേശൻ, കെ അജിത്ത്, പി.പ്രദീപ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എൻ. അനിൽ ബിശ്വാസ്, വി.കെ അനിൽകുമാർ, പി.എസ് പുഷ്‌കരൻ, അഡ്വ.കെ പ്രസന്നൻ, ഡി.രഞ്ജിത്കുമാർ, കെ.വി ജീവരാജൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരകഹാളിൽ നടന്ന പാർട്ടി പഠനക്ലാസ് ജില്ലാ കൗൺസിൽ അംഗം ആർ.സുശീലൻ നയിച്ചു.
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ കൗൺസിൽ അംഗം ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, കെ.ഡി വിശ്വനാഥൻ, പി.എസ് പുഷ്പമണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രവും പാർട്ടി സംഘടനയും എന്ന വിഷയത്തിൽ ഡി.സുരേഷ് ബാബു ക്ലാസ് എടുത്തു.