ചിങ്ങവനം: വ്യാപാരി വ്യവസായി ഏകോപന സമിതി പൊലീസുമായി ചേർന്ന് നടപ്പാക്കുന്ന അപകടരഹിത ചിങ്ങവനം പദ്ധതിയുടെ ഭാഗമായി ചിങ്ങവനത്തിന്റെ വിവിധ പ്രദേശങ്ങൾ കാമറ നിരീക്ഷണത്തിലാക്കുന്ന പദ്ധതിക്ക് രൂപം നല്കി. അപകടമേഖലയായ പുത്തൻ പാലം വളവിലെ റോഡിലെ അപാകതകൾ പരിഹരിക്കാൻ ദേശീയപാത അതോറിട്ടിക്ക് നിവേദനം നല്കി. അപകടത്തിലാകുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ 108 ആംബുലൻസിന്റെ സേവനം, ചിങ്ങവനം ജംഗ്ഷനിൽ മതിയായ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ചങ്ങനാശേരി ഡിവൈ.എസ്.പി സി.ജി സനൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് പ്രസിഡന്റ് പ്രവീൺ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ആർ ജിജു, യൂണിറ്റ് ജനറൽ സെക്രട്ടറി ജിമ്മി തോമസ്, ട്രഷറർ ജേക്കബ് കുരുവിള, ജി.കണ്ണൻ, റെജി സി. എബ്രഹാം, പി.ആർ വിനോദ്, ടി.എൻ ശ്രീനി, പി.എസ് പ്രകാശ്, അനീറ്റ് പുന്നുസ്, റെജി മാത്യു, എബ്രഹാം എന്നിവർ പങ്കെടുത്തു.