പാലാ: ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലയോര ഗ്രാമപഞ്ചായത്തുകളില്‍ സമഗ്രമായ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കുമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പറഞ്ഞു. കാഞ്ഞിരപ്പള്ളി മേഖലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് വേണ്ടി മണിമലയാറ്റിലും പമ്പയാറിലും സ്രോതസ് നിശ്ചയിച്ച് പദ്ധതി തയാറായിട്ടുള്ളതാണെന്നും മലങ്കര ഡാമില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് നീലൂരില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലൂടെ ശുദ്ധീകരിച്ച് തിടനാട് ഉള്‍പ്പെടെയുള്ള ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനായിട്ടുള്ള ആദ്യ നിര്‍ദ്ദേശം വീണ്ടും പരിഗണിക്കുന്നതായും എം.എല്‍.എ വ്യക്തമാക്കി.
ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍വഹണ സഹായ ഏജന്‍സിയായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി തിടനാട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ജല സാക്ഷരതാ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ് വെള്ളക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശ്ശേരി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷെറിന്‍ ജോസഫ്, ലീനാ ജോര്‍ജ്, സ്‌കറിയാ പൊട്ടനാനി, സന്ധ്യാ ശിവകുമാര്‍, എ.സി. രമേശ്, സുരേഷ് കുമാര്‍ കാലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.