കോട്ടയം: വൈദ്യുതി ബോർഡിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ നിരാകരിക്കുന്ന ബോർഡ് മാനേജ്മെ​ന്റി​ന്റെ നയങ്ങൾക്കെതിരെ പതിനായിരത്തോളം വരുന്ന കരാർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നാളെ രാവിലെ 10ന് സെക്രട്ടറിയേറ്റ് മാർച്ച് ന‍ടത്തും. സംസ്ഥാന പ്രസിഡ​ന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ ​ഗോപിനാഥ്, കെ.എസ് സുനിൽകുമാർ, പി.സജി എന്നിവർ പങ്കെടുക്കും. തൊഴിലാളി സംഘടനകളുമായി ഒപ്പു വച്ച കരാർ പൂണമായും നടപ്പിലാക്കുക, സ്മാർട്ട് മീറ്റർ നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കുക, കരാർ മീറ്റർ റീഡർമാരുടെ വെട്ടിക്കുറച്ച് വേതനം പുനഃസ്ഥാപിക്കുക, ജോലിക്കിടയിൽ അപകടമരണം സംഭവിക്കുന്ന കരാർ തൊഴിലാളികളുടെ കുടുംബത്തിന് ആശ്രിത നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നതെന്ന് ജനറൽ സെക്രട്ടറി കെ.സി.സിബു അറിയിച്ചു. പി.വി. പ്രദീപ്, അരുൺ ​ദാസ്, ജോസഫ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.