മുണ്ടക്കയം: വീടുകളിലെ, പിന്നെ സ്വകാര്യ സ്ഥാപനങ്ങളിലെ... ആർക്കും ഒരു ദാക്ഷണ്യവുമില്ല. മുണ്ടക്കയത്ത് മാലിന്യം തള്ലാൻ ഒരു തോടുണ്ട്.പ്രതികരിക്കാനാണെങ്കിൽ ആരുമില്ല. എല്ലാം സഹിച്ച് മാലിന്യവും വഹിച്ച് മുണ്ടക്കയം പൈങ്ങന തോട് അങ്ങനെ ഒഴുകുകയാണ്. തോടിന്റെ വിവിധ ഭാഗങ്ങളിലായി വലിയതോതിൽ മാലിന്യം തള്ളിയിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിൽ മാലിന്യം പൊതിഞ്ഞുകെട്ടി വാഹനങ്ങളിൽ എത്തിച്ചും മാലിന്യം തള്ളിയിട്ടുണ്ട്. പൈങ്ങന പള്ളിക്ക് സമീപം സ്വകാര്യ സ്ഥാപനത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയതോതിലാണ് തോട്ടിലേക്ക് വീണുകിടക്കുന്നത്. ഈ ഭാഗത്ത് കുളിക്കാൻ നിരവധി ആളുകൾ എത്തുന്നുണ്ട്. തോട്ടിൽ കുളിക്കുന്നവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾക്കും സാധ്യത ഏറെയാണ്.
നടപടി സ്വീകരിക്കണം
വ്യാപകമായ മാലിന്യ നിക്ഷേപം സംക്രമിക രോഗങ്ങൾ പടരാൻ ഇടയാക്കുമെന്ന് പരാതി ഉയരുന്നുണ്ട്. മഴ കുറഞ്ഞതോടെ തോടുകളിലെ ജലനിരപ്പ് നന്നേ താഴ്ന്നു. ഒട്ടുമിക്ക ആളുകളും അലക്കുന്നതിനും കുളിക്കുന്നതിനും തോടിനെയാണ് ആശ്രയിക്കുന്നത്. പതിവായി മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം സൂസമ്മ മാത്യു പറഞ്ഞു.