കോട്ടയം : ശാന്തി​ഗിരി ആശ്രമം സ്ഥാപക​ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 96-ാമത് ജന്മദിന ആഘോഷങ്ങളുടെ ഭാ​ഗമായി കോട്ടയത്ത് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. ശാന്തി​ഗിരി ആശ്രമം പാമ്പാടി ബ്രാഞ്ചി​ന്റെ ആഭിമുഖ്യത്തിൽ ദർശന സാംസ്കാരിക കേന്ദ്രത്തിൽ വച്ച് നടന്ന കൂട്ടായ്മ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ശാന്തിയുടെയും സമാധാനത്തി​ന്റെയും മതനിരപേക്ഷതയുടെയും പ്രവർത്തനങ്ങളാണ് ശാന്തി​ഗിരി ആശ്രമം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വൈക്കം വിശ്വൻ, സ്വാമി ജന്മ ജ്ഞാനതപസ്വി, ​ഗീവർ​ഗീസ് മാർ കൂറിലോസ് എന്നിവർ ചേർന്ന് ഭദ്രവിളക്ക് തെളിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീ​ക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ​ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അനുമോദിച്ചു. സാമൂഹിക, രാഷ്ട്രീയ, സാമുദായിക രം​ഗത്തെ പ്രമുഖർ പങ്കെടുത്തു.