എരുമേലി: 1250 ചതുരശ്രയടിയിൽ എരുമേലിയിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് വരുന്നു. 44 ലക്ഷം രൂപയാണ് ചെലവ്. സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൊതുമരാമത്ത് വകുപ്പിന്റെ അതിഥി മന്ദിരത്തിനടുത്ത് പത്തു സെന്റ് സ്ഥലത്താണ് നിർമാണം. ഏപ്രിൽ 30 ന് നിർമാണോദ്ഘാടനമായി റവന്യു മന്ത്രി കെ. രാജൻ ശിലാസ്ഥാപനം നടത്തിയിരുന്നു.
സ്ഥലത്ത് മണ്ണ് നീക്കി ലെവൽ ചെയ്യുന്ന ജോലികൾ കഴിഞ്ഞദിവസം പൂർത്തിയായി. അടുത്ത ദിവസം തറ നി ർമാണം തുടങ്ങും. കോട്ടയം ജില്ലയിലെ ഏറ്റവും വിസ്തൃതി കുടിയ വില്ലേജാണ് എരുമേലിയിലേത്. മുക്കൂട്ടുതറ, പമ്പാവാലി, ചേനപ്പാടി, പാക്കാനം തുടങ്ങി പഞ്ചായത്തിലെ 23 വാർഡുകൾക്കുമായുള്ള തെക്ക് വില്ലേജ് ഓഫീസിന്റെ പരിധി കുറയ്ക്കണമെന്നും മുക്കൂട്ടുതറ ഉൾപ്പടെ കിഴക്കൻ മേഖലയെ മാറ്റി പുതിയ വില്ലേജ് രൂപീകരിക്കണമെന്നും ആവശ്യം ശക്തമായിരുന്നു. ഇതിനായി എരുമേലി തെക്ക് വില്ലേജിന്റെ അധികാര പരിധി വിഭജിക്കാൻ വകുപ്പു തലത്തിൽ ധാരണയായിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല.
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്തുവക വ്യാപാര സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ഇടുങ്ങിയ മുറിയിലാണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ ശൗചാലയ സൗകര്യവുമില്ല. ഈ വർഷം തന്നെ ഓഫീസ് നിർമാണം പൂർത്തിയാക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു.