പാലാ: ഈ വെള്ളക്കെട്ട് ഒരു വള്ളിക്കെട്ടാണ്. പാലാ വഴി കടന്നുപോകുന്ന എല്ലാവരെയും കുടുക്കുന്ന വള്ളിക്കെട്ട്. ഇതൊന്നഴിക്കാൻ, വെള്ളക്കെട്ടൊന്ന് ഒഴിവാക്കാൻ ആരെക്കൊണ്ടെങ്കിലും സാധിക്കുമോ...? ജനത്തിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും കഴിയുന്നില്ല.
പറഞ്ഞുവരുന്നത് പാലാ കെ.എസ്.ആർ.ടി.സിക്ക് മുൻവശം റോഡിലെ വെള്ളക്കെട്ടിനെക്കുറിച്ചാണ്. ഇന്നലെ ഉച്ചയ്ക്ക് പെയ്ത ഒറ്റമഴയിൽ ഇവിടെ വെള്ളക്കെട്ടായി. വാഹനങ്ങളും കാൽനടയാത്രക്കാരുമൊക്കെ നന്നേ വിഷമിച്ചു. റോഡിന്റെ ഒരു സൈഡിൽ മുട്ടോളം വെള്ളമുണ്ടായിരുന്നു. ഇവിടെ ഓടയും കലുങ്കുമൊക്കെ ഉള്ളതാണ്.
അടുത്ത കാലത്തും ഓട നന്നാക്കാനെന്ന മട്ടിൽ സ്ലാബുകൾ ഇളക്കുകയും ജനപ്രതിനിധികളെപ്പോലും നേരിട്ട് സ്ഥലത്തെത്തിച്ചുകൊണ്ട് ''വികസന നാടകങ്ങൾ'' ചിലർ നടത്തുകയും ചെയ്തിരുന്നു. ഓടയിലെ മണ്ണ് കോരി വിസ്തൃതമാക്കുന്നതോടെ ഇനി വെള്ളക്കെട്ട് ഉണ്ടാകില്ലെന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ. പക്ഷേ ഇന്നലത്തെ മഴയിൽ ആ പ്രതീക്ഷയും അസ്ഥാനത്തായി. ഏതോ വ്യാപാരശാലയെ സഹായിക്കാൻ ഓടയുടെ വീതി കുറച്ച് മുകളിൽ സ്ലാബിടുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്.
ഇനി എന്തുവേണം
ഓട വിസ്തൃതമാക്കുകയും റോഡിന് കുറുകെ ഈ ഭാഗത്തുള്ള കലുങ്ക് നന്നാക്കി വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഉണ്ടാക്കുകയും ചെയ്‌തെങ്കിൽ മാത്രമേ കെ.എസ്.ആർ.ടി.സിക്ക് മുന്നിലെ വെള്ളക്കെട്ട് ഒഴിവാകൂ എന്ന കാര്യത്തിൽ തർക്കമില്ല.
കനത്തമഴയിൽ ഈ ഭാഗത്ത് 80 മീറ്ററോളം ദൂരത്തിൽ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്.
ഫോട്ടോ അടിക്കുറിപ്പ്
പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് മുൻവശം മെയിൻ റോഡിൽ ഇന്നലെ ഒറ്റമഴയ്ക്കുണ്ടായ വെള്ളക്കെട്ട്.