രാമപുരം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീടിന് നേർക്ക് ആക്രമണം നടത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴും എങ്ങുമെത്താതെ പൊലീസ് അന്വേഷണം. പ്രതികളെ സംബന്ധിച്ച് ഒരു സൂചന പോലും രാമപുരം പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാമപുരം സി.ഐ. രാജേഷിനെ മൂവാറ്റുപുഴയ്ക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്ന രാമപുരം എസ്.ഐ പി.എസ്. അരുൺകുമാറിനെയും സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. കഴിഞ്ഞ മാസം ഒടുവിൽ നടന്ന രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ടാണ് ഷൈനി സന്തോഷിന്റെ വീടിന് നേർക്ക് ആക്രമണം നടന്നത്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു. ഇതേ തുടർന്ന് രാമപുരത്തെ ഇടതുമുന്നണിയും വലതുമുന്നണിയും വെവേറെ പ്രതിഷേധയോഗങ്ങൾ നടത്തിയിരുന്നു. യു.ഡി.എഫിന്റെ മനസറിവോടെയാണ് ആക്രമണമെന്ന് എൽ.ഡി.എഫും എൽ.ഡി.എഫ് തന്നെ ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് യു.ഡി.എഫും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടെവരെ 24 മണിക്കൂറിനകം പിടികൂടണമെന്ന് പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത ഇടതുമുന്നണി നേതാക്കൾ പോലീസിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഷൈനിയും മറ്റ് ഇടതുമുന്നണി നേതാക്കളും സംശയം പ്രകടിപ്പിച്ചവർ ഉൾപ്പെടെ 20 ഓളം പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഒരു സൂചനയും ലഭിച്ചില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. അന്വേഷണത്തിൽ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തുകയാണെന്ന് ഇടതുമുന്നണി നേതാക്കൾക്കിടയിലും പരാതിയുണ്ട്.