
കോട്ടയം. യുവാക്കളിലെ രാസലഹരി വിൽപ്പനയിലും ഉപയോഗത്തിലും കോട്ടയം രണ്ടാം സ്ഥാനത്ത്. ആറുമാസത്തിനുള്ളിൽ 21 വയസിൽ താഴെ പ്രായമുള്ള 378പേരെ സംസ്ഥാനത്ത് മയക്കുമരുന്നുകേസിൽ അറസ്റ്റ് ചെയ്തതിൽ 62പേർ കോട്ടയംകാരാണ് . 72 പേരുള്ള എറണാകുളമാണ് ഒന്നാം സ്ഥാനത്തും 41 പേരുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുമാണ്. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം അറസ്റ്റ് ചെയ്തതിൽ 90 ശതമാനവും യുവാക്കളാണ് .
ഈ വർഷം ഇതുവരെ 9120 കേസുകൾ എൻ.ഡി.പി.എസ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 5586 കേസുകളായിരുന്നു. നാലുമാസം കൂടി കഴിഞ്ഞ് വർഷാവസാനമെത്തുമ്പോൾ രാസലഹരി അറസ്റ്റ് റെക്കാഡിലെത്തുമെന്നുമാണ് എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങി അത്യന്തം മാരകമായ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലേറെയും യുവാക്കളാണ്. പെൺകുട്ടികളും ഇതിന് അടിമയാണ്. പല കോളേജ്, ലേഡീസ് ഹോസ്റ്റലുകളിലും ഇവയുടെ വ്യാപനമുണ്ടെങ്കിലും റെയ്ഡ് നടക്കാറില്ല. വനിതാ ഉദ്യോഗസ്ഥരുടെ കുറവും കാരണമാണ്. ഡി.ജി പാർട്ടികളിൽ മാത്രമല്ല വിവാഹ സൽക്കാരങ്ങളിലും ഇവ കൈമാറ്റം ചെയ്യപ്പെടുന്നു. സ്റ്റാമ്പു രൂപത്തിലായതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. കൈവശം വെച്ചാൽ പത്തുവർഷം വരെ തടവു ശിക്ഷ ഉറപ്പാണെങ്കിലും ഉപയോഗിച്ചവരുടെ ഉമിനീർ പരിശോധിച്ച് രാസലഹരി കണ്ടു പിടിക്കാനുള്ള കിറ്റുകൾ ഉപയോഗിക്കാത്തതിനാൽ മിക്കപ്പോഴും പിടിക്കപ്പെടാറില്ല. ഒറ്റുകാർ വഴി ലഭിക്കുന്ന വിവരമനുസരിച്ചാണ് എക്സൈസ് റെയ്ഡുകൾ പലപ്പോഴും നടക്കാറുള്ളത്.
ഉന്നത എക്സൈസ് ഉദ്യോഗസ്ഥൻ പറയുന്നു.
രാസലഹരിയുമായി ബന്ധപ്പെട്ട് പിടികൂടുന്ന വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളെ വിളിച്ചു വരുത്തുമ്പോൾ തങ്ങളുടെ മക്കൾ ലഹരി ഉപയോഗിക്കുന്നുവെന്ന് അംഗീകരിക്കാൻ അവർക്ക് കഴിയാറില്ല. മക്കൾ ലഹരിക്കടിമപ്പെടുന്നതിനെക്കുറിച്ച് അജ്ഞരാണവർ. മക്കൾ ഉപയോഗിക്കുന്ന മുറികളിൽ ആരും പരിശോധന നടത്താറില്ല. കൂട്ടുകാർ വഴി ലഹരിക്കടിപ്പെടുന്നതിനെക്കുറിച്ച് പലർക്കും അറിയില്ല . പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നറിയുമ്പോൾ കരഞ്ഞു കാല് പിടിച്ച് കേസിൽ നിന്ന് തല ഊരാനുള്ള ശ്രമമാണ് നടത്തുക. അബദ്ധത്തിൽ ലഹരിമാഫിയയുടെ പിടിയിലായ സ്കൂൾ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കാൻ ശ്രമിക്കാതെ രക്ഷകർത്താക്കളെ മുൻകൈയെടുപ്പിച്ച് ലഹരി വിമുക്ത കേന്ദ്രങ്ങളിൽ ചികിത്സയൊരുക്കി ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തേണ്ടിവരാറുണ്ട്.