cow

കോട്ടയം. പ്രകൃതി ക്ഷോഭങ്ങളിലും മറ്റും മൃഗങ്ങളും പക്ഷികളും ചാകുമ്പോൾ മൃഗസംരക്ഷണ വകുപ്പ് നൽകുന്നത് നാമമാത്രമായ നഷ്ടപരിഹാരം. പലർക്കും ആകെയുള്ള ഉപജീവന മാർഗമാണ് വളർത്തു മൃഗങ്ങൾ. എന്നാൽ നഷ്ടപരിഹാര തുക വിലയുടെ പകുതിയിൽ താഴെയാണ്. മൃഗങ്ങളുടെ വില കൂടിയിട്ടും നഷ്ടപരിഹാര തുക വർദ്ധിപ്പിക്കാത്തതിൽ കർഷകരും നിരാശയിലാണ്.

2014-15ലാണ് അവസാനമായി തുക പരിഷ്കരിച്ചത്. ഏഴ് വർഷത്തിനിടെ പരിപാലന ചെലവും മൃഗങ്ങളുടെ വിലയും വർദ്ധിച്ചു. എന്നാൽ തുകയിൽ മാത്രം വർദ്ധനവുണ്ടായില്ല. ഇതിന് പുറമേയാണ് വളർത്തു മൃഗങ്ങൾ പെട്ടെന്ന് ഇല്ലാതാകുമ്പോഴുള്ള വരുമാന നഷ്ടം.

മാർക്കറ്റ് വിലയേക്കാൾ താഴെ.

കുറഞ്ഞത് പത്ത് ലിറ്റർ പാലുള്ള പശുവിന് ഒരുലക്ഷത്തിന് മുകളിൽ വിലയുള്ളപ്പോൾ നഷ്ടപരിഹാരമായി ലഭിക്കുന്നത് വെറും 30,000 രൂപയാണ്. 2015ൽ നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിക്കുമ്പോൾ 75000 രൂപ വരെയായിരുന്നു പശുക്കളുടെ മാർക്കറ്റ് വില. പിന്നീട് പാൽവിലയും ഇറച്ചിവിലയും പലതവണ കൂടി. ആട്, പന്നി എന്നിവയ്ക്കാവട്ടെ ലഭിക്കുക ആകെ 3000 രൂപ. ഒരു കിലോ പന്നി ഇറച്ചിക്ക് 250 രൂപയ്ക്ക് മുകളിലും ആട്ടിറച്ചിക്ക് അഞ്ഞൂറിന് മുകളിലും വിലയുണ്ട്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ കോഴിഫാം ഒലിച്ചു പോയിരുന്നു. ഇത്തരം കേസുകളിൽ ആകെ ലഭിക്കുക അയ്യായിരം രൂപവരെ മാത്രം. മറ്റ് അപകടങ്ങളാണെങ്കിൽ വീണ്ടും കുറയും. ഇടിമിന്നൽ, വൈദ്യുതാഘാതം, പകർച്ച വ്യാധികൾ എന്നിവ മൂലം ചത്താൽ ഇരുപത് ശതമാനം പോലുമില്ല നഷ്ടപരിഹാര തുക.

പമാവധി നഷ്ടപരിഹാരം.

പശു, എരുമ: 30​000.

പന്നി,​ ആട്: 3​000.

കോഴി,​ താറാവ് 50​00.

കർഷകനായ ജോസഫ് ചാക്കോ പറയുന്നു.

ദീർഘനാളത്തെ ആവശ്യത്തിനൊടുവിലാണ് 2015ൽ തുക വർദ്ധിപ്പിച്ചത്. നിശ്ചിത വർഷത്തിനുള്ളിൽ നിശ്ചിത ശതമാനം തുക സ്വാഭാവികമായും വർദ്ധിക്കുന്ന നിലയിലേയ്ക്ക് ചട്ടം കൊണ്ടുവരണം. വളർത്തു മൃഗങ്ങൾചത്ത് പെട്ടെന്ന് വരുമാനം നിലയ്ക്കുമ്പോൾ ജീവിതം കൂടിയാണ് താളംതെറ്റുന്നത്.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഷാജി എം.പണിക്കശേരി പറയുന്നു.

നഷ്ടപരിഹാരം സംബന്ധിച്ച കണക്കെടുത്ത് റിപ്പോർട്ടു നൽകിയാൽ അധികം കാലതാമസമില്ലാതെ അക്കൗണ്ടുകളിൽ പണമെത്തും. ജില്ലയിൽ കുടിശികയില്ല.